ഡ്രൈവിങ് ലൈസന്‍സ്: കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാജനെന്ന് ആക്ഷേപം
കാക്കനാട്: റോഡ് സുരക്ഷയുടെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നിയമങ്ങളുമായി മുന്നോട്ടു പോകുമ്പോഴും ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിന് മുന്നോടിയായുള്ള കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാജന്മാര്‍. ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി അപേക്ഷിക്കുമ്പോള്‍ കണ്ണ് പരിശോധിച്ചു കാഴ്ച പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ ചില ആര്‍.ടി ഓഫീസുകളില്‍ ഇത്തരം പരിശോധനകള്‍ കാര്യക്ഷമമായി നടത്താത് മൂലമാണു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതു കൂടുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം എറണാകുളം ആര്‍.ടി ഓഫീസില്‍ ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി അപേക്ഷിച്ച രണ്ടുപേര്‍ നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധനാ ഫലങ്ങളെല്ലാം ഒരുപോലെയിരിക്കുന്നതുകൊണ്ട് സംശയം തോന്നിയ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് ഈ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ലഭിച്ച മറുപടിയിലാണ് വ്യാജനാണെന്ന് കണ്ടെത്തിയത്.
എറണാകുളം ആര്‍.ടി ഓഫീസിലും അതിന് കീഴിലുള്ള സബ്ബ് ആര്‍ടി ഓഫീസുകളിലും നഗരത്തില ചില പ്രസിദ്ധരായ ഡോക്ടര്‍മാരുടെ പേരിലാണ് വ്യാജപരിശോധനാഫലങ്ങള്‍ ഭൂരിഭാഗവും എത്തുന്നത്. ഡോക്ടര്‍മാര്‍ രോഗികളെ നേരില്‍ പരിശോധിക്കാതെ പലപ്പോഴും കാഴ്ചക്കുറവില്ലെന്ന് വെളിപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്നും ആക്ഷേപമുണ്ട്.ആര്‍മി റിക്രൂട്‌മെന്റുകളുമായി ബന്ധപ്പെട്ടുള്ള ക്യാംപുകളില്‍ നിന്ന് അപേക്ഷകരില്‍ പകുതിയിലധികം പേര്‍ കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടു മാത്രം ഒഴിവാക്കപ്പെടുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സുകളുമായി ബന്ധപ്പെട്ട പരിശോധനകളില്‍ ഒരാള്‍ പോലും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നില്ലെന്നതു ഗൗരവത്തിലെടുക്കേണ്ട കാര്യമാണെന്നത് ഈ മേഖലയിലുള്ള വിദഗദ്ധര്‍ ചൂണ്ടികാട്ടുന്നു.
കാര്യക്ഷമമായിട്ടുള്ള പരിശോധനകള്‍ കൊണ്ടു മാത്രമേ രാത്രികാല കാഴ്ചക്കുറവുകളും വിവിധ നിറങ്ങള്‍ തിരിച്ചറിയാതിരിക്കുന്ന കണ്ണിന്റെ ബലഹീനതകളും മനസ്സിലാവുകയുള്ളൂ എന്നു ഡോക്ടര്‍മാര്‍ സമ്മതിക്കുന്നുണ്ട്. രാത്രിസമയങ്ങളിലെ കാഴ്ചക്കുറവുകള്‍, ശക്തമായ വെളിച്ചം അടിക്കുമ്പോള്‍ കണ്ണുകള്‍ക്കു സെക്കന്‍ഡുകളോളം ഉണ്ടാകുന്ന മങ്ങല്‍, നിറങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ആകാതിരിക്കുന്ന അവസ്ഥ എന്നിവയെല്ലാം ഡ്രൈവിങ്ങിന് ഏറെ ഭീഷണിയാണ്. വിദഗ്ധ ഡോക്ടര്‍മാരെ സമീപിച്ചുള്ള പരിശോധനകളില്‍ കണ്ണിന്റെ ഇത്തരം വൈകല്യങ്ങളെല്ലാം കണ്ടെത്തിയാല്‍ ലൈസന്‍സ് ലഭിക്കില്ലെന്നറിയുന്നവര്‍ കാര്യക്ഷമമല്ലാത്ത പരിശോധനകള്‍ നടത്തി ഹാജരാക്കുന്നതു വര്‍ധിച്ചുവരുന്നുണ്ടെന്നാണ് പരാതി. ഇതിനായി പ്രത്യേക സംഘങ്ങള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."