പൊലിസുകാരെ വെട്ടിയകേസിലെ പ്രതിയെ നാടകീയമായി പിടികൂടി
കായംകുളം: വെട്ടുകേസില്‍ പ്രതിയായ മകനെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഒളിവില്‍ പോയ ആള് പിടിയിലായി. ചെത്ത് തൊഴിലാളിയായ കായംകുളം കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഗോപാലകൃഷ്ണന് (56 )ആണ് പിടിയിലായത്. ഇന്നലെ രാവിലെ പതിനൊന്നോടെ കായംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ ഇയാളെ പൊലിസ് നാടകീയമായി പിടികൂടുകയായിരുന്നു. ഇയാള്‍ കീഴടങ്ങാന്‍ എത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് കോടതി പരിസരത്ത് മഫ്തിയില്‍ പൊലിസ് നിലയുറപ്പിച്ചിരുന്നു. ഈ സമയം സമീപത്തെ റോഡില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഗോപാലകൃഷ്ണനെ പൊലിസ് പിടികൂടുകയായിരുന്നു.
സംഭവശേഷം കോട്ടയം മെഡിക്കല്‍ കോളജ് പരിസരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. ഇതിനിടയില്‍ ലോക്കപ്പില്‍ വച്ച് ഇയാള്‍ തല ഗ്രില്ലില്‍ ഇടിച്ച് മുറിവുണ്ടാക്കാന്‍ ശ്രമം നടത്തിയതായി പൊലിസ് പറഞ്ഞു. നെറ്റിയില്‍ മുറിവേറ്റതിനെ തുടര്‍ന്ന് പൊലിസ് കായംകുളം ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. പൊലിസിനെ ആക്രമിച്ച കേസില്‍ ഇയാളുടെ ഭാര്യ സന്ധ്യ (45) യെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു.
രണ്ടുയുവാക്കളെ വെട്ടിയ കേസില്‍ മുഖ്യ പ്രതിയായ മകന് ഉണ്ണികൃഷ്ണനെ പിടികൂടാനെത്തിയ എ.എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസ് സംഘത്തെയാണ് പിതാവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കൈവിലങ്ങണിയിച്ച് ഉണ്ണികൃഷ്ണനെ ജീപ്പില്‍ കയറ്റിയെങ്കിലും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗോപാലകൃഷ്ണന് മകനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പൊലിസിനെ ആക്രമിക്കുകയായിരുന്നു. കള്ള് ചെത്താന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് എ.എസ്.ഐ സിയാദിന്റെ നെഞ്ചില്‍ കുത്തുകയും സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഇക്ബാല്‍,സതീഷ് എന്നിവരെ വെട്ടുകയുമായിരുന്നു. സി.പി. ഒ രാജേഷിനെ ഇരുമ്പ് കമ്പി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം ഗോപാലകൃഷ്ണനും കൈവിലങ്ങുമായി മകന് ഉണ്ണികൃഷ്ണനും സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. ഉണ്ണികൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് കഴിഞ്ഞദിവസം ബന്ധുവായ രാജേഷിനെ പൊലിസ് (24)നെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."