ത്വലാഖിനെക്കുറിച്ച് സംസാരിക്കും മുന്‍പ് മോദി യശോദയെ തിരിച്ചെടുക്കട്ടെ: ഡോ. ശുങ്കണ്ണ
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യ യശോദ ബെന്നിനെ തിരിച്ചെടുത്ത ശേഷം ത്വലാഖിനെക്കുറിച്ച് സംസാരിക്കട്ടെയെന്നു ഹൈദരാബാദിലെ ദലിത് ആക്ടിവിസ്റ്റ് ഡോ. ശുങ്കണ്ണ വേല്‍പ്പുല. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫാസിസം, ദേശീയത, തീവ്രവാദം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്വലാഖില്‍ നിന്നു മുസ്‌ലിം സ്ത്രീകളെ രക്ഷിക്കുകയാണ് ഏക സിവില്‍ കോഡിന്റെ ലക്ഷ്യമെന്നാണു മോദി പ്രഖ്യാപിച്ചത്. ഇതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഗുജറാത്തിലെ സംഘ്പരിവാറുകാരില്‍ നിന്നു കശ്മിരിലെ സൈന്യത്തില്‍ നിന്നുമാണ് ആദ്യം മുസ്‌ലിം സ്ത്രീകളെ രക്ഷിക്കേണ്ടത്. ഗുജറാത്തില്‍ കലാപങ്ങളുടെ മറവില്‍ ഹൈന്ദവ തീവ്രവാദികള്‍ നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണു പൈശാചികമായി ബലാത്സംഗം ചെയ്തത്. കശ്മിരിലെ കുനന്‍,പോഷ്‌പോര ഗ്രാമങ്ങളില്‍ വിവിധ പ്രായത്തിലുള്ള 53 മുസ്‌ലിം സ്ത്രീകളാണു സൈന്യത്തിന്റെ ബലാത്സംഗത്തിനിരയായത്. ഇതെല്ലാം രാജ്യത്തു നിര്‍ബാധം തുടരുമ്പോഴാണു മോദി മുസ്‌ലിം സ്ത്രീകളെ ത്വലാഖില്‍ നിന്നു രക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. രാജ്യത്ത് വര്‍ഗീയ തീവ്രവാദം വളര്‍ത്തുന്ന മോദി ഹിന്ദുത്വ ഭീകരതയുടെ പിതാവാണ്.
30 വര്‍ഷക്കാലം ദേശീയ പതാക ഉയര്‍ത്താത്ത ഹിന്ദു മഹാസഭക്കാര്‍ മോദിയുടെ കണ്ണില്‍ ദേശസ്‌നേഹികളും മുസ്‌ലിംകളും ദലിതരും ദേശവിരുദ്ധരുമാണ്. പശു ഇറച്ചി ഭക്ഷിക്കുന്നതിന്റെ പേരിലും മോദി മുസ്‌ലിംകളെയും ദലിതരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. വേദ കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ പശു ഇറച്ചി ഭക്ഷിച്ചിരുന്ന ചരിത്രം ഇവിടെ ബോധപൂര്‍വം തമസ്‌ക്കരിക്കുകയാണ്. ദലിതരോടും മുസ്‌ലിംകളോടും സി.പി.എമ്മിനും വ്യത്യസ്ത നിലപാടില്ലെന്നു പറഞ്ഞ ശുങ്കണ്ണ കാവിയില്‍ നിന്നും ചുവപ്പില്‍ നിന്നുമുള്ള മോചനമാണു രാജ്യത്തിന് ആവശ്യമെന്നും പറഞ്ഞു.
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സ്വാദിഖലി അധ്യക്ഷനായി. സിവിക് ചന്ദ്രന്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, സതീശന്‍ പാച്ചേനി, കെ.എസ് ഹരിഹരന്‍, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, സി.കെ. സുബൈര്‍, കെ.പി താഹിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."