മുഖ്യമന്ത്രി ഇടപെട്ടിട്ടും സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം കടലാസില്‍
കണ്ണൂര്‍: കായിക വകുപ്പ് ഏറ്റെടുത്ത ശേഷം മുഖ്യമന്ത്രി ഇടപെട്ടിട്ടും സ്‌പോര്‍ട്‌സ് ക്വാട്ട നിയമനകാര്യത്തില്‍ തീരുമാനമായില്ല. 2009 മുതല്‍ മുടങ്ങിക്കിടന്ന നിയമനം വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. നേരത്തെ ഇറക്കിയ ഓണ്‍ലൈന്‍ അപേക്ഷയില്‍ പേരു ചേര്‍ക്കാന്‍ കളരിപ്പയറ്റ്, മൗണ്ടനിയറിങ് താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കുള്ള പുതിയ അപേക്ഷ കൂടി വിളിക്കേണ്ടതുണ്ട്. എന്നാല്‍ പുതുക്കിയ നോട്ടിഫിക്കേഷന്‍ പോലും ഇതുവരെ ഇറക്കിയിട്ടില്ല.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ വിവിധ പ്രശ്‌നങ്ങള്‍ നിയമനങ്ങളെ സാരമായി ബാധിച്ചിരുന്നു. കായിക മന്ത്രി തന്നെ രാജിവെച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ടാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതോടെയാണ് താരങ്ങള്‍ നിവേദനങ്ങളുമായി സമീപിച്ചത്. നിയമനം വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയിരുന്നു.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 പേരെ വീതം നിയമിക്കാറുണ്ടായിരുന്നു. 249 കായിക താരങ്ങളാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നത്. പലരും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ഉപജീവനം തേടുകയാണ്. ദേശീയ ഗെയിംസില്‍ മെഡല്‍ വാങ്ങിയവരുടെ ലിസ്റ്റും സര്‍ക്കാരിന്റെ മുന്നിലുണ്ട്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അലംഭാവമാണ് താരങ്ങളെ ഇത്ര വര്‍ഷം കാത്തിരിക്കാന്‍ ഇടയാക്കിയതെന്നാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."