സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ്; എറണാകുളം മുന്നില്‍
കൊച്ചി: അറുപതാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ എറണാകുളം മുന്നില്‍. തൊട്ടുപിന്നിലായി പാലക്കാടും തിരുവനന്തപുരവും. ഇന്നലെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 125 പോയിന്റുകള്‍ നേടി എറണാകുളം നിലവിലെ ചാംപ്യന്‍മാരായ പാലക്കാടിനെ മറികടന്നു.
106 പോയിന്റുകളുമായി പാലക്കാട് രണ്ടാം സ്ഥാനത്താണ്. 103 പോയിന്റുകളോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്ത്. 78.5 പോയിന്റുകള്‍ നേടി തൃശൂര്‍ നാലാമതും 78.5 പോയിന്റുകള്‍ നേടി കോഴിക്കോട് അഞ്ചാം സ്ഥാനത്തും 74 പോയിന്റുകള്‍ നേടി കോട്ടയം ആറാം സ്ഥാനത്തും.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ പുതിയ നാലു റെക്കോര്‍ഡുകള്‍ പിറന്നു. പതിനാറു വയസിനു താഴെ പ്രായമുളള പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ അതുല്യ പി.എ ആണ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. പാലക്കാടിന്റെ നിഷ ഇ 2013 ല്‍ സ്ഥാപിച്ച് 32.65 മീറ്റര്‍ ദൂരമാണ് അതുല്യ 33.10 മീറ്റര്‍ എറിഞ്ഞ് തകര്‍ത്തത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ ഓട്ടത്തില്‍ രണ്ടു പേര്‍ നിലവിലെ റെക്കോര്‍ഡ് മറികടന്നു. തിരുവനന്തപുരത്തിന്റെ മിന്നു പി റോയിയും ഇടുക്കിയുടെ സാന്ദ്ര നായരുമാണ് നേട്ടം കൈവരിച്ചത്. ഈ ഇനത്തില്‍ നിലവിലെ റെക്കോര്‍ഡുക്കാരിയാണ് സാന്ദ്ര. സാന്ദ്രയും മിന്നുവും നിലവിലെ റെക്കോര്‍ഡ് ആയ 6.55. 09 സെക്കന്‍ഡ് തിരുത്തി 6.37.14, 6.40.91 എന്ന പുതിയ സമയം കണ്ടെത്തിയത്. ഇരുപതു വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ ഹൈ ജംപില്‍ എറണാകുളത്തിന്റെ ലിബിയ ഷാജി പുതിയ റെക്കോര്‍ഡ് കണ്ടെത്തി.
ഈ ഇനത്തില്‍ പാലക്കാടിന്റെ സീനാ ജോണ്‍ 2000 ല്‍ സ്ഥാപിച്ച 1.68 മീറ്ററാണ് 1.71 ആയി തിരുത്തിയത്. പതിനെട്ട് വയസിനു താഴെ പ്രായമുളള ആണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ എറണാകുളത്തിന്റെ അഭിജിത്ത് റോജിത്ത് നായര്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചു.
പതിനാലു ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം താരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. മേള നാളെ സമാപിക്കും.
കെ.എസ് പ്രണവും
ജില്‍നയും അതിവേഗക്കാര്‍
കൊച്ചി: അറുപതാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കെ.എസ് പ്രണവും എം.വി ജില്‍നയും അതിവേഗ താരങ്ങള്‍. തൃശൂര്‍ വിമല കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് ജില്‍ന. നിലവിലെ റെക്കോര്‍ഡ് ഭേദിക്കാനാവാതെയാണ് താരങ്ങള്‍ വേഗമേറിയ ഓട്ടക്കാരായത്.
എറണാകുളത്തെ പ്രതിനിധികരീച്ചാണ് പ്രണവ് ഒന്നാം സ്ഥാനത്തു എത്തിയത്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് പ്രണവ്.
നൂറു മീറ്ററില്‍ ഒരു വിഭാഗത്തിലും താരങ്ങള്‍ക്ക് റെക്കോര്‍ഡ്് തിരുത്താനായില്ല. തൃശൂര്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന ജില്‍ന കാലിക്കറ്റ് സര്‍വകലാശാല മീറ്റിലെ 200 മീറ്റര്‍ ജേതാവു കൂടിയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി കായിക രംഗത്തു തുടരുന്ന ജില്‍ന സംസ്ഥാന - ദേശീയ മത്സരങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. ഈ ഇനത്തില്‍ കണ്ണൂരിന്റെ ഷിജില വി.ഡി സൃഷ്ടിച്ച 11.70 സെകന്‍ഡാണ് നിലവിലെ റെക്കോര്‍ഡ്.
18 വയസിനു താഴെയുളള പെണ്‍കുട്ടികളുടെ നൂറു മീറ്ററില്‍ തിരുവനന്തപുരം സായിയുടെ മൃദുല മരിയ ബാബുവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിബിന്‍ ഷിബുവും ഒന്നാമതെത്തി. പതിനാറു വയസിനു താഴെ പ്രായമുളള പെണ്‍കുട്ടികളുടെ മത്സരത്തില്‍ അപര്‍ണ റോയ് ജേതാവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."