പക്ഷിപ്പനി: പ്രതിരോധം പാളുന്നു
ആലപ്പുഴ: കുട്ടനാടന്‍ മേഖലകളില്‍ പക്ഷിപ്പനി പടര്‍ന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമല്ലെന്ന് ആക്ഷേപം. പക്ഷിപ്പനി സ്ഥീരീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ദ്രുതകര്‍മസേന താറാവുകള്‍ കൂട്ടമായി ചത്തയിടങ്ങളില്‍ കൃത്യമായി എത്തുന്നില്ലെന്നാണ് താറാവ് കര്‍ഷകരുടെ പരാതി.
2014 ല്‍ കുട്ടനാട്ടില്‍ പടര്‍ന്ന പക്ഷിപ്പനി പോലെ മാരകമല്ല ഇത്തവണയുണ്ടായതെങ്കിലും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. പേരിന് മാത്രമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ദ്രുതകര്‍മസേനയുടെ നേതൃത്വത്തില്‍ ആദ്യഘട്ടങ്ങളില്‍ കൂട്ടമായി കത്തിച്ച താറാവുകളുടെ അവശിഷ്ടങ്ങള്‍ പാടശേഖരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇവ ജലാശയങ്ങളിലേക്ക് എത്തുന്നതോടെ പകര്‍ച്ചവ്യാധികള്‍ പിടിപെടുമെന്ന ഭീതിയിലാണ് ജനങ്ങള്‍. കഴിഞ്ഞ പക്ഷിപ്പനിക്കാലത്തെ ഭീതിദമായ അവസ്ഥയെ വീണ്ടും മുന്നില്‍ കാണുകയാണ് കുട്ടനാട്ടുകാര്‍. ദേശാടന പക്ഷികള്‍ മുഖേനയാണ് പക്ഷിപ്പനി കേരളത്തില്‍ എത്തിയതെന്നാണ് വിലയിരുത്തല്‍. പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്നതും കര്‍ഷകര്‍ക്ക് വന്‍നഷ്ടം വരുത്തിവെക്കുകയുമാണ്.
പക്ഷിപ്പനി മാരകമായാല്‍ വ്യാപനം തടയാന്‍ രോഗബാധിത പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെയും കോഴികളെയും കൊന്നൊടുക്കേണ്ടി വരുമെന്നതിനാല്‍ കുട്ടനാട്ടില്‍ രണ്ടര ലക്ഷത്തോളം താറാവുകളെ കൊല്ലേണ്ടി വരുമെന്നാണ് കണക്ക്. 400 ഓളം താറാവ് കര്‍ഷകരാണ് കുട്ടനാട്ടില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും ആയിരത്തിലധികം വരും യഥാര്‍ഥ കര്‍ഷകരുടെ എണ്ണം. 10 ലക്ഷത്തോളം താറാവുകളെയാണ് കുട്ടനാട്ടില്‍ മാത്രമായി വളര്‍ത്തുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രോഗം പടരുന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. രോഗസാധ്യത വ്യാപിച്ചിട്ടും ആവശ്യമായ നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കുന്നില്ല. മൃഗസംരക്ഷണ വകുപ്പ് കനത്ത പരാജയമാണെന്നാണ് കര്‍ഷകരുടെ ആരോപണം. കേരളത്തില്‍ അടുത്ത കാലത്തായി താറാവ് കൃഷി കുറഞ്ഞു വരികയാണ്. പല സീസണുകളിലും വ്യാപകമായി രോഗംവന്നു താറാവുകള്‍ ചത്തൊടുങ്ങിയതോടെ കടക്കെണിയിലകപ്പെട്ട് താറാവ് വളര്‍ത്തല്‍ ഉപേക്ഷിച്ച കര്‍ഷകര്‍ ഏറെയാണ്. ഇപ്പോള്‍ പക്ഷിപ്പനി ബാധയാല്‍ താറാവുകള്‍ വന്‍തോതില്‍ നശിച്ചു കൊണ്ടിരിക്കെ, സര്‍ക്കാര്‍ മതിയായ പ്രോത്സാഹനവും നഷ്ടപരിഹാരവും നല്‍കിയില്ലെങ്കില്‍ താറാവ്കൃഷി തന്നെ ഇല്ലാതാവുമെന്നാണ് ആശങ്ക.
രോഗവുമായി ബന്ധപ്പെട്ടു പ്രചരിപ്പിക്കപ്പെടുന്ന ഊഹാപോഹങ്ങളും കിംവദന്തികളുമാണ് ഗുരുതരമായ മറ്റൊരു പ്രശ്‌നം. കഴിഞ്ഞ ദിവസം താറാവ് നോട്ടക്കാരനായ യുവാവിന് പനി ബാധിച്ചതും ആശങ്ക പരത്തിയിരുന്നു. തകഴി കുന്നുമ്മയില്‍ പനി ബാധിച്ച താറാവുകളെ പരിചരിച്ചത് ഇയാളായിരുന്നു. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. തീവ്രത കുറഞ്ഞ എച്ച്5 എന്‍8 എന്ന വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണ് പടരുന്നതെങ്കിലും ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല.
ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍
മനുഷ്യനില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി ബാധകളില്‍ 90 ശതമാനവും താരതമ്യേന വീര്യം കുറഞ്ഞതും മാരകമല്ലാത്തതുമാണ്. രോഗബാധിതമായ പക്ഷികളുടെ മുട്ടയോ മാംസമോ കാഷ്ടമോ കൈകാര്യം ചെയ്യുമ്പോഴാണ് രോഗാണു മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത. അപൂര്‍വം ചില അവസരങ്ങളിലൊഴിച്ച് മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്ക് ഇതു പടരുന്നതായി കണ്ടിട്ടില്ലെന്നും അത്രക്കും സാംക്രമിക ശേഷി ഈ വൈറസ് ആര്‍ജിച്ചിട്ടില്ലെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഇത്തവണ കണ്ടെത്തിയ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എങ്കിലും കരുതല്‍ നടപടികളും ജാഗ്രതയും ആവശ്യമാണ്. വായു, പക്ഷികളുടെ വിസര്‍ജ്യ വസ്തുക്കള്‍, മാംസം ഭക്ഷിക്കല്‍ എന്നിവയിലൂടെയാണ് രോഗം മനുഷ്യനിലേക്കു പടരാറുള്ളത്. മാംസവും മുട്ടയും കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കുകയും ശേഷം കൈ സോപ്പിട്ടു കഴുകുകയും മാംസം നന്നായി വേവിച്ചു ഭക്ഷിക്കുകയും ചെയ്താല്‍ രോഗ ബാധ തടയാം. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുകയും പാതി വേവിച്ചു ഭക്ഷിക്കുന്നതും പാചകവിഭവങ്ങളില്‍ പച്ചമുട്ട ചേര്‍ക്കുന്നതും ഒഴിവാക്കുകയും ചെയ്യേണ്ടതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."