ആരോപണം നിഷേധിച്ച് ഇറാന്‍; വ്യാപക പ്രതിഷേധം
റിയാദ്: മക്കയെ ലക്ഷ്യംവച്ച് ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ മുസ്‌ലിം രാജ്യങ്ങള്‍ അപലപിച്ചു. ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ചു. മക്കയ്ക്കു 65 കി.മി അകലെയാണ് മിസൈല്‍ തകര്‍ത്തത്.
ഇറാനെ തീവ്രവാദ രാജ്യമാണെന്നും ഹൂതികളെ പിന്തുണയ്ക്കുന്ന അവരുടെ നിലപാട് ലോകത്തിന് വ്യക്തമായതായും സഊദിയിലെ ഇസ്‌ലാമിക പണ്ഡിതസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഏറ്റവും വലിയ കുറ്റമാണിതെന്ന് പ്രസ്താവന പറയുന്നു. സംഭവത്തില്‍ സഊദി പരമോന്നത സഭയായ ശൂറാ കൗണ്‍സിലും നടുക്കം രേഖപ്പെടുത്തി. ബില്യണിലധികം വരുന്ന ലോക മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയാണ് ഇതിനു പിന്നിലെന്നും പുണ്യനഗരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അബ്ദുല്ല അല്‍ ശൈഖ് വ്യക്തമാക്കി.
ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലും പ്രതിഷേധിച്ചു. മക്കയ്‌ക്കെതിരേയുള്ള ആക്രമണശ്രമം അംഗീകരിക്കാനാകില്ലെന്ന് ജി.സി.സി പറഞ്ഞു. യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഉത്ക്കണ്ഠ രേഖപ്പെടുത്തി.
ഹൂതികള്‍ക്കെതിരേ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യസേനാ തലവന്‍ ജനറല്‍ അഹമ്മദ് അല്‍ അസീരിയും മിസൈല്‍ ആക്രമണത്തെ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."