മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായി പരാതി; ആരോഗ്യ വകുപ്പ് പരിശോധന നടത്തി
പേരാമ്പ്ര: എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രക്കുളത്തിലേക്ക് ഹോട്ടല്‍ മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും നിക്ഷേപിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.
ക്ഷേത്രക്കുളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ നിന്നും പുറംതള്ളുന്ന മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് പാഴ്വസ്തുക്കളും ക്ഷേത്രക്കുളത്തോട് ചേര്‍ന്നുള്ള തോട്ടിലാണ് നിക്ഷേപിക്കുന്നത്.
ഈ മലിനജലം തോട്ടില്‍ നിന്നും ഒലിച്ചിറങ്ങി ക്ഷേത്രക്കുളം മലിനമാക്കുകയാണ്. മരക്കാടി തോട്ടിലേക്കു ചേരുന്ന ഈ തോട് പൂര്‍ണമായും മാലിന്യംകൊണ്ട് നിറഞ്ഞ അവസ്ഥയിലാണുള്ളത്. ക്ഷേത്രക്കുളത്തില്‍ നിന്നും നിരവധിപേര്‍ കുളിക്കുകയും കുടിക്കനായി വെള്ളം ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
കടുത്ത ചൂട് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ കുളത്തിലെ വെള്ളത്തിനുണ്ടായ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ക്ഷേത്രഭാരവാഹികളും നാട്ടുകാരും കുളത്തിന്റെ പരിസരം വൃത്തിയാക്കുമ്പോഴാണ് മാലിന്യനിക്ഷേപം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളും നാട്ടുകാരും പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കുകയായിരുന്നു. പരിശോധനയ്ക്കു ഇ.എം ശശീന്ദ്രകുമാര്‍, എന്‍.ടി ജിതേഷ്, എ.സി അരവിന്ദന് ഷാജി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."