ഡിപ്പോ വികസനത്തിന് കളിസ്ഥലം വിട്ടുനല്‍കുന്നുവെന്ന പ്രചാരണം താഴെ അങ്ങാടിയിലെ കളിസ്ഥലം നിലനിര്‍ത്തമെന്ന് കൗണ്‍സില്‍ യോഗം
വടകര: താഴെ അങ്ങാടി വലിയവളപ്പ് മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ടിലെ കളിസ്ഥം അതേരീതിയില്‍ നിലനിര്‍ത്തണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം. മുസ്‌ലിം ലീഗിലെ എന്‍.പി.എം നഫ്‌സലാണ് ആവശ്യമുന്നയിച്ചത്.
ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ വികസനത്തിനു കളിസ്ഥലത്തിന്റെ ഒരു ഭാഗം വിട്ടുകൊടുക്കാനുള്ള നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചത്. മുസ്‌ലിം ലീഗിലെ ടി.ഐ നാസര്‍, പി. സഫിയ തുടങ്ങിയവരും ഇതേ ആവശ്യമുന്നയിച്ചു.തെരുവോരങ്ങളില്‍ അലഞ്ഞുതിരിയുന്ന സ്ത്രീകളെ സൈക്ലോണ്‍ ഷെല്‍ട്ടറില്‍ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് വടകര സര്‍ക്കിള്‍ കത്തയച്ച വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. നേരത്തെ പാര്‍ട്ടി ലീഡര്‍മാര്‍ ഉള്‍പ്പെട്ട സംഘം ഇതിനു അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന തീരുമാനം എടുത്തിരുന്നെന്നും അതുമായി മുന്നോട്ടു പോകുമെന്നും യോഗത്തില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ മറുപടിയായി പറഞ്ഞു.
നഗരസഭാ പരിധിയില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് എല്‍.ഡി.എഫിലെ പി. ഗീരീഷന്‍ ചൂണ്ടിക്കാട്ടി. ഒഞ്ചിയം, തിരുവള്ളൂര്‍, ആയഞ്ചേരി, വടകര മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് റിപ്പയര്‍ ചെയ്യാന്‍ ഒരു കരാറുകാരന്‍ മാത്രമാണുള്ളത്. കൂടുതല്‍ പേര്‍ക്കു കരാര്‍ നല്‍കിയാല്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്ന പ്രശ്‌നം എളുപ്പം പരിഹരിക്കാന്‍ കഴിയുമെന്നും ഗിരീഷന്‍ പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുപ്പണം ചീനംവീട് സ്‌കൂള്‍ പൊളിച്ചുനീക്കേണ്ടതിനാല്‍ തൊട്ടടുത്ത ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്തേക്കു സ്‌കൂള്‍ മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗിലെ എം.പി അഹമ്മദ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എടോടിയില്‍ സ്‌നാക്ക് പാര്‍ലറിനു മാസത്തില്‍ 4500 രൂപ വാടക നിശ്ചയിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഡയാലിസിസ് നിധിയിക്കേുള്ള പണപ്പിരിവ് നവംബര്‍ 27 നടത്താനും തീരുമാനമായി.
കീര്‍ത്തി, മുദ്ര തിയറ്ററുകളിലെ നിരക്ക് പത്തുരൂപ വീതം വര്‍ധിപ്പിക്കാനുള്ള തിയറ്റര്‍ അധികൃതരുടെ ആവശ്യത്തിനു യോഗം അനുമതി നല്‍കി. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷനായി. വി.പി മുഹമ്മദ് റാഫി, പി.എം മുസ്തഫ, ഇ. അരവിന്ദാക്ഷന്‍, എ. പ്രേമാകുമാരി, സമീറ കുഞ്ഞിപ്പറമ്പത്ത്, ബുഷ്‌റ കെ.എം, എം.പി ഗംഗാധരന്‍, കെ.കെ വനജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."