റേഷന്‍ കടകള്‍ 'സമരകേന്ദ്രങ്ങള്‍'
കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ നിയമവും റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കലും പ്രചാരണായുധങ്ങളാക്കി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയതോടെ റേഷന്‍ കടകകള് സമര കേന്ദ്രങ്ങളാകുന്നു. കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സി.പി.എമ്മും ഒപ്പം സംസ്ഥാന സര്‍ക്കാരിനെയും ചേര്‍ത്ത് കോണ്‍ഗ്രസും മുസ്ലിംലീഗും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുമ്പോള്‍ ബി.ജെ.പി പ്രതിരോധ തന്ത്രമാണ് സ്വീകരിക്കുന്നത്. ജനങ്ങളുടെ വൈകാരികാവശ്യങ്ങളിലൊന്നാണ് റേഷന്‍ പൊതുവിതരണ സംവിധാനം. ഭക്ഷ്യസുരക്ഷാപദ്ധതി കരടുപട്ടികയില്‍ നിന്നു ആയിരങ്ങള്‍ പുറത്തുപോയതോടെ ജനങ്ങളില്‍ ആശങ്ക ശക്തമായിരിക്കുകയാണ്. ഇതു മുതലെടുത്താണ് സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ് ആഞ്ഞടിക്കുന്നത്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുണ്ടാക്കിയ മുന്‍ഗണനാ ലിസ്റ്റിലെ പിഴവുകാരണമാണ് ഏറെപ്പേര്‍ പുറത്താകാന്‍ കാരണമെന്നും അര്‍ഹരായവരെ മുഴുവന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സി.പി.എം വ്യക്തമാക്കുന്നു. കേരളീയരുടെ റേഷന്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും റേഷന്‍ സംവിധാനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ തിരഞ്ഞെടുത്ത റേഷന്‍കടകള്‍ക്കു മുന്പില് എല്‍.ഡി.എഫ് തിങ്കളാഴ്ച ധര്‍ണ നടത്തും. ഇന്നലെ സി.പി.എമ്മും മുസ്ലീം ലീഗും റേഷന്‍ കടകളിലേക്കു മാര്‍ച്ചും നടത്തി.
പുഴാതി മേഖല മുസ്ലിം ലീഗ് കമ്മിറ്റി പുഴാതിയില്‍ നടത്തിയ ധര്‍ണ ബി കരിം ഉദ്ഘാടനം ചെയ്തു. കെ.പി.എ സലിം, കെ.എന്‍ സത്താര്‍, വി.സി മഹറൂഫ്, കെ.വി മഹമൂദ്, കെ റഷീദ്, എന്‍ ഗഫൂര്‍ സംസാരിച്ചു. പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപം പൊതുവിതരണ കേന്ദ്രത്തിലേക്കു നടത്തിയ മാര്‍ച്ചിന് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി.എച്ച് അബ്ദുല്‍സലാം, സി.പി മുസ്തഫ, കെ.പി അബ്ദുല്‍ റഷീദ്, സി.പി റഷീദ്, വി.കെ ജാബിര്‍, എം.പി അഷ്ക്കര്‍ നേതൃത്വം നല്കി.
മാങ്കടവില്‍ വി അബ്ദുല്‍ കരീം, പി.പി മുഹമ്മദ് കുഞ്ഞി, സി.എച്ച് സലീന, ടി ഷറഫുദ്ധീന്‍, ടി നസറുദ്ധീന്‍, സി ജുനൈദ്, കെ അര്‍സല്‍ സംബന്ധിച്ചു. ഇരിണാവ് കര്‍ഷക തൊളിലാളി യൂനിയന്‍ ഇരിണാവ് പോസ്റ്റ് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധം പി.പി ഷാജിര്‍ ഉദ്ഘാടനം ചെയ്തു. പി.പി കുഞ്ഞിക്കണ്ണന്, എം പവിത്രന്, കെ.വി കണ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."