മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ജില്ലാഭരണകൂടത്തിന്റെ 'ഇസമുദ്ര'
കൊച്ചി: സാങ്കേതികവിദ്യയുടെ പ്രയോജനം മത്സ്യബന്ധനമേഖലയില്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ ഭാഗമായി ഇസമുദ്ര എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ജില്ലാഭരണകൂടം പുറത്തിറക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും സമുദ്രപരിസ്ഥിതിയെക്കുറിച്ചുമുള്ള അറിയിപ്പുകള്‍, മത്സ്യബന്ധനത്തിന് കൂടുതല്‍ സാധ്യതയുള്ള മേഖലകള്‍ എന്നിവയ്ക്കുപുറമെ മീനിന്റെ വിപണിവിലയടക്കമുള്ള വിവരങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്നതായിരിക്കും ഇസമുദ്ര എന്ന ആപ്ലിക്കേഷന്‍. എത് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണിലും ഉപയോഗിക്കത്തക്ക രീതിയിലാണ് ഈ ആപ്ലക്കേഷന്‍ ഡെവലപ് ചെയ്തിരിക്കുന്നത്.
ജാഗ്രതാ നിര്‍ദേശങ്ങളും ലാന്റിങ് സെന്ററുകളെക്കുറിച്ചുള്ള വിവരങ്ങളും ഇസമുദ്ര വഴി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കും. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള വിവിധ പദ്ധതികളുടെയും സാമ്പത്തിക സഹായത്തിന്റെയും വിവരങ്ങളും ലഭിക്കും. ബോട്ടുകളുടെ നിലവിലെ സ്ഥാനം നിര്‍ണയിക്കാനും പോയിന്റ്ടുപോയിന്റ് നാവിഗേഷനുതകുകയും ചെയ്യുന്ന ഫീച്ചറുകള്‍ ഇസമുദ്രയിലുണ്ട്. മത്സ്യബന്ധനത്തിന് കൂടുതല്‍ സാധ്യതയുള്ള മേഖലയെക്കുറിച്ചുള്ള അറിയിപ്പ് നല്കുന്നതിനു പുറമെ ഗൂഗിള്‍ മാപ്പുപയോഗിച്ച് ആ സ്ഥലത്തേക്ക് നീങ്ങാനായി ഇസമുദ്ര വഴി കഴിയും.
കരയിലുള്ളവരുമായി ആശയവിനിമയത്തിനും ഈ ആപ്ലക്കേഷന്‍ സഹായിക്കും. 35 നോട്ടിക്കല്‍ മൈലോളം ദൂരം ടെലികമ്യുണിക്കേഷന്‍ കവറേജ് ഇസമുദ്ര നല്കും. സമുദ്രാതിര്‍ത്തിയെത്തുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്കാനുള്ള സംവിധാനവും ഇസമുദ്രയിലുണ്ടാകും. അടിയന്തിരസന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനവുമുണ്ട്. ഇസമുദ്ര ഉപയോഗിച്ച്, നെറ്റ് വര്‍ക്ക് കവറേജ് ഉള്ളിടത്ത് മൊബൈല്‍ ഡാറ്റ വഴിയും ഇല്ലാത്തിടത്ത് മെസേജ് വഴിയും ആശയവിനിമയം നടത്താം.
ആപ്ലിക്കേഷന്‍
ഉപയോഗിക്കുന്ന വിധം
ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മത്സ്യത്തൊഴിലാളി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മത്സ്യത്തൊഴിലാളിയുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കേന്ദ്ര ഫിഷറീസ് വകുപ്പിന് കൈമാറും. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ഒരു പാസ്‌വേഡ് ലഭിക്കും. ഈ പാസ്‌വേഡു കൂടി നല്കിയ ശേഷമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളു.
സംസ്ഥാന ഫിഷറീസ് വകുപ്പുമായും ടെലികമ്യൂണിക്കേഷന്‍ വകുപ്പുമായും കൈകോര്‍ത്താണ് ജില്ലാഭരണകൂടം ഇസമുദ്ര ആവിഷ്‌കരിക്കുന്നത്. ഫിഷറീസ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. കെല്‍ട്രോണില്‍ നിന്നുള്ള സാങ്കേതിക സഹായവും പദ്ധതിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."