ബി.എസ്.എന്‍.എല്‍ ബ്ലാക്ക് ഔട്ട് ഡേ: ദീപാവലിയെ അവഹേളിച്ചതായി പരാതി
കോട്ടയം: ദീപാവലി പ്രമാണിച്ച് രാജ്യവ്യാപകമായി വിവിധ കമ്പനികള്‍ ആനുകൂല്യങ്ങളും സൗജന്യങ്ങളും നല്‍കുമ്പോള്‍ 'ബ്ലാക്ക് ഔട്ട് ഡേ' എന്ന പേരില്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്കു ആനുകൂല്യ കോള്‍, എസ്.എം.എസ് എന്നിവ ഒഴിവാക്കിയത് ദീപാവലിയോടുള്ള അവഹേളനമാണെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.
ഇന്നലയും ഇന്നു ബ്ലാക്ക് ഔട്ട് ഡേ എന്ന പേരിലാണ് വിവിധ സ്‌കീമുകളില്‍ റീച്ചാര്‍ജ്ജ് ചെയ്തവര്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കാതെ ദീപാവലിയെ അവഹേളിച്ചിരിക്കുന്നത്. അതേസമയം ദീപാവലിയുടെ പേരില്‍ ശമ്പളത്തോടുകൂടിയ അവധി ആനുകൂല്യം ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ കൈപ്പറ്റുകയും ചെയ്യുന്നുണ്ടെന്നു ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. ഉപഭോക്താക്കളുടെ ആനുകൂല്യം കവര്‍ന്നെടുത്ത സാഹചര്യത്തില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കു അവധി ദിവസങ്ങളില്‍ ശമ്പളം നല്‍കരുതെന്നു കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിക്കു നിവേദനം നല്‍കാന്‍ തീരുമാനിച്ചു.
മറ്റുകമ്പനികള്‍ സൗജന്യങ്ങള്‍ വാരിക്കോരി കൊടുക്കുമ്പോള്‍ ഇത്തരത്തില്‍ ഉപഭോക്താക്കളെ തട്ടിച്ചു പണം കവരുകയാണ് ബി.എസ്.എന്‍.എല്‍ നേരത്തെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇത്തരത്തില്‍ ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചു പണം കവര്‍ന്നിരുന്നു. ദീപാവലിയെ അവഹേളിച്ച അധികൃതര്‍ മാപ്പുപറയണമെന്നും ബ്ലാക്ക് ഔട്ട് ഡേ പിന്‍വലിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ദീപാവലി ദിനത്തില്‍ ബി.എസ്.എന്‍.എലിനെതിരെ കരിദിനം ആചരിക്കുവാനും തീരുമാനിച്ചു. ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷനായിരുന്നു. ബിനു പെരുമന, സാംജി പഴേപറമ്പില്‍, വിഷ്ണു കെ.ആര്‍., അമല്‍ ജോസഫ്, ബിജു ആരാധന തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."