അടിമയാക്കിയ ജാര്‍ഖണ്ഡ് യുവാവിനെ മോചിപ്പിച്ചു
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കരുമത്രയില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനെ അടിമയാക്കുകയും ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച് ക്രൂരമായ മര്‍ദനത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ മാടക്കത്തറ സ്വദേശി ജോസിനെ വടക്കാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. ക്രൂരപീഢനത്തിന് ഇരയായ ജാര്‍ഖണ്ഡ് സ്വദേശിയെ മോചിപ്പിച്ചു. 8 മാസം മുമ്പ് ജോസിന്റെ കരുമത്ര വടക്കുംമൂല പാടശേഖരത്ത് ജോലിക്ക് എത്തിയതായിരുന്നു ജാര്‍ഖണ്ഡ് സ്വദേശിയായ രാജു. അന്ന് മുതല്‍ പീഢനത്തിനിരയായി വരുകയായിരുന്നു യുവാവ്. ശമ്പളം ചോദിച്ചാല്‍ മര്‍ദനമേല്‍ക്കേണ്ടി വരുമെന്നതിനാല്‍ കിട്ടുന്നത് വാങ്ങി കഴിയുകയായിരുന്നു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 7 വരെയാണ് യുവാവിനെ കൊണ്ട് ജോലി ചെയ്യിച്ചിരുന്നത്. ഭക്ഷണം പോലും കൃത്യമായി നല്‍കിയിരുന്നില്ല. പാടത്തിന് നടുവിലെ ഷെഡിനുള്ളില്‍ ഒരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് യുവാവ് കഴിഞ്ഞിരുന്നത്. ദുരിത ജീവിതമറിഞ്ഞ് കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ രാജീവന്‍ തടത്തില്‍ ബന്ധപെട്ടവരെ വിവരം അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, വൈസ് പ്രസിഡന്റ് സി.വി സുനില്‍ കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എന്‍ ശശി, മെമ്പര്‍ വി.ജി സുരേഷ്, പൊതുപ്രവര്‍ത്തകരായ ശ്രീദാസ് വിളമ്പത്ത്,ദേവദാസ് തെക്കേടത്, ദിനേശന്‍ തടത്തില്‍ എന്നിവര്‍ സഥലത്തെത്തി വടക്കാഞ്ചേരി പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലിസെത്തി യുവാവില്‍ നിന്ന് മൊഴിയെടുത്തു. ശമ്പളം ചോദിച്ചാല്‍ നെഞ്ചത്ത് ഇടിക്കാറുള്ളതായി യുവാവ് പറഞ്ഞു. വളരെ വില കുറവില്‍ ഭൂമി വാങ്ങി മണ്ണിട്ട് നികത്തുകയായിരുന്നു. ജോസ് ചെയ്ത് വന്നിരുന്നത്. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."