സംസ്ഥാനത്തെ ഹൈടെക് നഗരസഭയാവാന്‍ ഒരുങ്ങി പാലക്കാട് നഗരസഭ
പാലക്കാട്: സംസ്ഥാനത്തെ പ്രഥമ നഗരസഭയായ പാലക്കാട് നഗരസഭയുടെ നവീകരണത്തിനാണ് ഗ്രാന്റായി ലോക ബാങ്കിന്റെ 1.49 കോടി രൂപ. നഗരസഭ ഓഫീസും പ്രവര്‍ത്തനങ്ങളും ഹൈടെക് ആക്കുന്നതിനാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. നഗരസഭാ ഓഫീസ് നവീകരിക്കുന്നതിന്റെ ഭാഗമായി ക്യൂബിക്കിള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് 78 ലക്ഷം രൂപയുടെ പദ്ധതിക്ക് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമായി. നഗരസഭ ഓഫിസിലേക്കാവശ്യമായ വൈദ്യുതി സോളാര്‍ വഴിയാക്കുന്നതിന് പദ്ധതിയില്‍ നിന്നുള്ള 50 ലക്ഷം രൂപ വകയിരുത്തി. മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ ചിലവഴിക്കും.
ക്യൂബിക്കിള്‍ സംവിധാനം നിലവില്‍ വരുമ്പോള്‍ ജനസേവന കേന്ദ്രം, ഫ്രണ്ട് ഓഫീസ് എന്നിവ ആരംഭിക്കും. നഗരസഭയില്‍ വിവിധ ആവശ്യങ്ങളുമായി വരുന്നവര്‍ക്ക് എത്രയും പെട്ടെന്നു തന്നെ വേണ്ട സഹായങ്ങള്‍ ഇതിലൂടെ ലഭ്യമാകും.
അപേക്ഷകള്‍ നല്‍കുന്നതിനും ലഭിക്കുന്നതിനും ഏറെ സഹായകരമാകും. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രോജക്ട് അംഗീകരിക്കുകയും ഉടനെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മാര്‍ച്ച് 31 ന് മുമ്പ് കാലതാമസം കൂടാതെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ അറിയിച്ചു.
എല്ലാ സമയത്തും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുമൂലം പണികള്‍ നടക്കുന്നില്ലെന്ന ഉദ്യോഗസ്ഥരുടെ പരാതി കണക്കിലെടുത്ത് അടുത്ത ദിവസം മുതല്‍ ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകീട്ട് അഞ്ച്വരെയായിരിക്കും സര്‍ട്ടിഫിക്കറ്റ് വിതരണം. ഫ്രണ്ട് ഓഫീസ് സംവിധാനം നിലവില്‍ വന്നാല്‍ വകുപ്പ് ഓഫീസുകളിലേക്ക് വരുന്നത് ഒഴിവാകുമെന്നും ഏതു സമയത്തും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് ടൗണ്‍ പ്ലാനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ ഓഫീസിലുണ്ടാകും. പ്ലാന്‍ സംബന്ധമായ ചെറിയ നിയമക്കുരുക്കുകള്‍ പരിഹരിക്കുന്നതിന് നഗരസഭയും ജില്ലാ ടൗണ്‍പ്ലാനിംഗ് വകുപ്പും സംയുക്തമായി ഒരു യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."