ടിപ്പു ജയന്തി ആഘോഷത്തിലുറച്ച് കര്‍ണാടക സര്‍ക്കാര്‍; എതിര്‍പ്പുമായി ആര്.എസ്.എസ്
ബെംഗളൂരു: മൈസൂരു രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ജന്മദിനം നവംബര്‍ പത്തിന് വിപുലമായിത്തന്നെ ആഘോഷിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എന്നാല്‍ എന്തു വില കൊടുത്തും എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ആര്.എസ്.എസ്സും രംഗത്തെത്തി.
മതഭ്രാന്തനും സ്വേഛാധിപതിയും അക്രമിയുമായ ഭരണാധികാരിയുമായിരുന്നു ടിപ്പു സുല്‍ത്താനെന്ന് ആര്.എസ്.എസ് കര്‍ണാടക ക്ഷേത്രീയ സര്‍സംഘ്ചാലക് വി നാഗരാജ് പറഞ്ഞു.
ടിപ്പു ജയന്തി ആഘോഷിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമാണെന്നു നാഗരാജ് പറഞ്ഞു. ക്രിസ്ത്യാനികളെയും മറ്റു സമുദായങ്ങളേയും അക്രമിച്ച വ്യക്തിയായിരുന്നു ടിപ്പുവെന്നും നാഗരാജ് പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരെ പടയോട്ടം നടത്തുകയും കര്‍ണാടക സംസ്കാരത്തിന്റെ പ്രധാന ഭാഗമായ മൈസൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്.
ജന്മദിനാഘോഷ പരിപാടിക്കെതിരേ കഴിഞ്ഞവര്‍ഷം ആര്.എസ്.എസിന്റെ നേതൃത്വത്തില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയും കൊടക് ജില്ലയില്‍ നാളുകള്‍ നീണ്ട സംഘര്‍ഷം നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."