അനധികൃത സ്വര്‍ണകടത്ത്: മൂന്ന് ബംഗളൂരു സ്വദേശികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു
റിയാദ്: അനധികൃതമായി ലക്ഷങ്ങളുടെ സ്വര്‍ണക്കടത്ത് കേസില്‍ ബംഗളൂരു സ്വദേശികളായ മൂന്നു പേര്‍ക്ക് ദമ്മാം ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു. യു.എ.ഇയില്‍ നിന്നും കരമാര്‍ഗം സഊദിയിലേക്ക് 15 ലക്ഷം റിയാല്‍ മൂല്യമുള്ള സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ ഇവര്‍ക്ക് ഒരു വര്‍ഷം തടവും മൂന്നു ലക്ഷം റിയാല്‍ വീതം പിഴയുമാണ് വിധിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ സ്വദേശികളായ സായിന് സക്കരിയ, മുഹമ്മദ് കൂല, മുഹമ്മദ് അമീന് എന്നിവര്‍ക്കെതിരെയാണ് ശിക്ഷാവിധികള്‍.
ആറു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായില്‍ നിന്നും 20 പേര്‍ക്കൊപ്പം വാനില്‍ യാത്ര തിരിച്ച ഇവര്‍ സഊദി അതിര്‍ത്തിയില്‍ കസ്റ്റംസ് പരിശോധനയിലാണ് കുടുങ്ങിയത്. കസ്റ്റംസ് പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ അനധികൃത സ്വര്‍ണ്ണ കടത്ത് കണ്ടെത്തുകയായിരുന്നു.
ഇവര്‍ ധരിച്ചിരുന്ന സോക്സുകള്ക്കുള്ളിലായാണ് ഇത്രയും സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് കൂലയില്‍ നിന്നും 2954 ഗ്രാം സ്വര്‍ണവും സായിന് സകരിയയില്‍ നിന്നും 3171 ഗ്രാമും മുഹമ്മദ് അമീനില്‍ നിന്നും 3303 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ദുബായില്‍ നിന്നും ഫൈസല്‍ എന്നയാളാണ് ഏര്‍പ്പാടു ചെയ്യുന്നതെന്നും സഊദിയില്‍ ഏജന്റിനു നല്‍കാനാണെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മൂവര്‍ സംഘം നിരവധി തവണ ഇതേ റൂട്ടില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഇതേ ലക്ഷ്യമായിരിക്കുമെന്നും കോടതി അനുമാനിച്ചു. അന്താരാഷ്ട്ര സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും കണ്ണികളാണ് ഇവരെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യയിലേക്കും നിരന്തരമായി ഇവര്‍ യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ദുബായിലേക്ക് വിമാനമാര്‍ഗം പോകുന്ന പ്രതികള്‍ തിരിച്ചെത്തുന്നത് കരമാര്‍ഗമാണ്. കടുത്ത പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഇതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."