ഇവിടെ പന്തുരുളുന്നത് രണ്ടു ഗ്രാമങ്ങളുടെ ദുരിതമകറ്റാന്‍
മണ്ണാര്‍ക്കാട്: അലനല്ലൂര്‍ കര്‍ക്കിടാംകുന്നില്‍ കാല്‍പന്തുരുളുന്നത് ആശയറ്റ നിര്‍ധന രോഗികളുടെ കണ്ണീരൊപ്പാന്‍. പലക്കാട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന രണ്ടു ഗ്രാമങ്ങളിലെ കനിവ് കര്‍ക്കിടാംകുന്ന്, എടപ്പെറ്റ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനത്തെ ആദ്യത്തെ അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കര്‍ക്കിടാംകുന്ന് ഐ.സി.എസ്.യു.പി സ്‌കൂള്‍ മൈതാനം വേദിയാവുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി കര്‍ക്കിടാംകുന്നിലെ ജനമനസ്സുകളില്‍ വേരുറപ്പിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് കനിവ് നേതൃത്വം നല്‍കുന്നത്. ചാരിറ്റബിള്‍ ട്രസറ്റായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന നാട്ടുകാരുടെ കൂട്ടായ്മയുടെ ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തന മികവില്‍ ആകൃഷ്ടരായ ഈ പ്രദേശത്തെ പ്രധാന കുടുംബമായ മങ്കട കോവിലകം സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്ത് ആസ്ഥാന മന്ദിരവും പാലിയേറ്റീവ് ക്ലിനിക്കുമുള്‍പ്പെടുന്ന ആരോഗ്യ - സാമൂഹ്യ സമുച്ചയം നിര്‍മിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മത്സരം എന്ന ആശയമുദിച്ചത്.
ഏകദേശം നാല്‍പ്പതു ലക്ഷം രൂപ എസ്റ്റിമേറ്റിലാണ് ആസ്ഥാന മന്ദിരം വിഭാവനം ചെയ്യുന്നത്. സമാന ഉദ്ദേശത്തോടെ എടപ്പറ്റ പഞ്ചായത്ത് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന എടപ്പറ്റ പാലിയേറ്റീവ് ക്ലിനിക്ക് ഈ ഉദ്യമവുമായി മുന്നോട്ടു വന്നപ്പോള്‍ ഇരു സംഘടനകളുടെയും ഭാരവാഹികള്‍ യോഗം ചേര്‍ന്ന് സംയുക്തമായി ടൂര്‍ണ്ണമെന്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ ആഗ്രഹത്തിന് കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഥമ പരിഗണന നല്‍കുകയും ചെയ്തു. ഫുട്‌ബോള്‍ ഫോര്‍ ചാരിറ്റി ആന്‍ഡ് യൂനിറ്റി എന്ന മുദ്രാവാക്യവുമായി സഫാജ്വല്ലറി അഖിലേന്ത്യാ സെവന്‍സ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നവംബര്‍ 12 മുതല്‍ കര്‍ക്കിടാംകുന്ന് ആലുങ്ങലില്‍ കളമൊരുങ്ങുന്നത്.
കളിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നൂറു ശതമാനവും നാട്ടിലെ രോഗികളുടെ നന്മക്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. വീല്‍ ചെയറില്‍ വരുന്ന രോഗികള്‍ക്ക് സൗജന്യമായി കളികണ്ട് ആസ്വദിക്കുന്നതിനും പ്രേക്ഷകര്‍ തെരെഞ്ഞെടുക്കുന്ന ഓരോ രോഗികള്‍ക്ക് എല്ലാ ദിവസും രണ്ടായിരം രൂപ വിലവരുന്ന പാലിയേറ്റീവ് കിറ്റ് സൗജന്യമായി നല്‍കുന്നതുള്‍പ്പെടെ ഒട്ടേറെ ജനോപകാരപ്രദമായ പദ്ധതികളാണ് സംഘാടകരും സ്‌പോണ്‍സര്‍മാരും ഒരുക്കിയിട്ടുള്ളത്. കൂടാതെ തൊട്ടടുത്തുള്ള പാലിയേറ്റിവ് ക്ലിനിക്കുകള്‍ക്ക് സംഭാവന ശേഖരിക്കാനായി പ്രത്യേക പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന 31 ക്ലബ് ടീമുകളുടെ വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവമാക്കിതീര്‍ക്കാന്‍ നാടും നഗരവും അശാന്ത പരിശ്രമത്തിലാണ്. ഗ്യാലറിയില്‍ ഏഴായിരത്തോളം പേര്‍ക്ക് കളികാണുവാനുള്ള വിപുലമായ സജ്ജീകരണമാണ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. പി.കെ മുഹമ്മദാലി ചെയര്‍മാനും കെ. മുഹമ്മദ് അഷ്‌റഫ് ജനറല്‍ കണ്‍വീനറുമായി 501 അംഗ ടൂര്‍ണ്ണമെന്റ് കമ്മിറ്റിയാണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."