ഇന്ത്യ ഏഷ്യന്‍ ഹോക്കി ചാംപ്യന്‍മാര്‍
ക്വാന്റന്‍: നാലു രാജ്യങ്ങള്‍ മാറ്റുരച്ച ജൂനിയര്‍ ടീമുകളുടെ ചതുരാഷ്ട്ര ഹോക്കി പരമ്പരയില്‍ ഇന്ത്യന്‍ പുരുഷ ടീം കിരീടം നേടിയതിനു പിന്നാലെ ചേട്ടന്‍മാരുടെ സംഘം ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം സ്വന്തമാക്കിയതു രാജ്യത്തിനു ഇരട്ട ദീപാവലി മധുരമായി. ഇന്ത്യയുടെ സീനിയര്‍, ജൂനിയര്‍ പുരുഷ ടീമുകള്‍ ഇന്നലത്തെ ദിനം അവിസ്മരണീയമാക്കി.
ജൂനിയര്‍ ടീം ജര്‍മനിയെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ സീനിയര്‍ ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളും നിലവിലെ ചാംപ്യന്‍മാരുമായ പാകിസ്താനെ 3-2നു തകര്‍ത്താണ് കിരീടം നേടിയത്.
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ തകര്‍ത്ത ഇന്ത്യ ഫൈനലിലും ആ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. രണ്ടു ഗോളുകള്‍ക്കു പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് പാകിസ്താന്‍ പൊരുതി നോക്കിയെങ്കിയും വിജയിക്കാനുള്ള ഇന്ത്യയുടെ ആത്മവീര്യത്തെ ചോര്‍ത്താന്‍ മാത്രം ആ തിരിച്ചടിക്ക് ശക്തിയില്ലായിരുന്നു.
രൂപിന്ദര്‍ പാല്‍ സിങിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. 18ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെയാണ് രൂപീന്ദര്‍ ഇന്ത്യയെ മുന്നില്‍ കടത്തിയത്. അഞ്ചു മിനുട്ടിനു ശേഷം 23ാം മിനുട്ടില്‍ ഇന്ത്യയുടെ രണ്ടാം ഗോളും പിറന്നു. അഫാന്‍ യൂസുഫാണ് ഇത്തവണ ഇന്ത്യയുടെ ലീഡുയര്‍ത്തിയത്. മീഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിങിന്റെ പാസ് അഫാന്‍ യൂസുഫ് ഗോളാക്കി മാറ്റുകയായിരുന്നു.
എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യറാകാതെ പാകിസ്താനും പൊരുതിയതോടെ മത്സരം ആവേശകരമായി. ഏതു സമയത്തും തിരിച്ചടി പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പുമായി പാക് നിര ഇരമ്പിയതോടെ 26ാം മിനുട്ടില്‍ അതിന്റെ ഫലം ലഭിച്ചു. 26ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അലിം ബിലാല്‍ ഗോളാക്കി മാറ്റി. 2-1ല്‍ മത്സരം പുരോഗമിക്കവേ പാകിസ്താന്‍ സമനില ഗോളും പിടിച്ചു. 38ാം മിനുട്ടില്‍ പാക് ടീമിനായി അലി ഷാ സമനില ഗോള്‍ നേടി.
സമനില വന്നതോടെ ഇരു പക്ഷവും ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞു. തുടര്‍ച്ചയായി ആക്രമണങ്ങള്‍ സംഘടിപ്പിച്ച് ഇന്ത്യ വിജയ ഗോള്‍ സ്വന്തമാക്കി. ജസ്ജിത്- രമണ്‍ദീപ് സഖ്യത്തിന്റെ മുന്നേറ്റത്തിലാണ് ഇന്ത്യയുടെ നിര്‍ണായക ഗോള്‍ പിറന്നത്.
51ാം മിനുട്ടില്‍ രമണ്‍ദീപ് നല്‍കിയ പാസ് നിക്കിന്‍ തിമ്മയ്യ പോസ്റ്റിലേക്ക് തിരിച്ചു വിട്ട് ഇന്ത്യയുടെ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്തി.
അവസാന നിമിഷങ്ങളില്‍ പാകിസ്താനു അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച ഇന്ത്യയുടെ രൂപിന്ദര്‍ പാല്‍ സിങ് 11 ഗോളുമായി ടോപ് സ്‌കോററായി.
പരുക്കിനെ തുടര്‍ന്നു മലയാളി ഗോള്‍ കീപ്പറും നായകനുമായ പി.ആര്‍ ശ്രീജേഷ് ഫൈനലില്‍ ഇറങ്ങിയില്ല. സെമിയില്‍ ദക്ഷിണകൊറിയക്കെതിരായ പോരില്‍ ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് ഇന്ത്യ സെമി വിജയിച്ചത്. നിര്‍ണായകമായ അഞ്ചാം കിക്ക് ശ്രീജേഷ് തടുത്തതോടെ ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. മലേഷ്യയെ 3-2നു പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനലിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."