ഉഷ സ്കൂളിലെ മൂന്ന് താരങ്ങള്‍ കേരളം വിട്ടേക്കും ?
ആലപ്പുഴ: ജിസ്ന മാത്യു ഒഴികെ ഉഷ സ്കൂളിലെ രണ്ടു താരങ്ങള്‍ക്ക് ദേശീയ ജൂനിയര്‍ മീറ്റില്‍ മത്സരിക്കാന്‍ നേരിട്ട് പ്രവേശനം നല്‍കില്ലെന്നു സംസ്ഥാന അത്ലറ്റിക്ക് അസോസിയേഷന്. ടീമില്‍ ഇടമില്ലെങ്കില്‍ മൂവരും കേരളം വിട്ടേക്കും. ഗുജത്തിന്റെയോ എ.എഫ്.ഐയുടെയോ ബാനറില്‍ ദേശീയ ജൂനിയര്‍ മീറ്റിന്റെ ട്രാക്കിലിറങ്ങാനാണ് സാധ്യത. ഇന്ത്യയുടെ റിയോ ഒളിംപിക് അത്ലറ്റിക്ക് ടീമില്‍ അംഗമായിരുന്നു ജിസ്ന മാത്യു (400 മീറ്റര്‍), ഷഹര്‍ബാന സിദ്ദീഖ് (200, 400), അബിത മേരി മാനുവല്‍ (800) എന്നിവരാണ് ദേശീയ ജൂനിയര്‍ മീറ്റില്‍ ഗുജറാത്തിന്റെയോ ദേശീയ അത്ലറ്റിക് ഫെഡറേഷന്റെയോ ബാനറില്‍ ട്രാക്കിലിറങ്ങാന്‍ ഒരുങ്ങുന്നത്. സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് യോഗ്യത നേടാത്തതിന്റെ പേരിലാണ് മൂവരും ദേശീയ ജൂനിയര്‍ മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോകുന്നത്. ദേശീയ ജൂനിയര്‍ അത്ലറ്റിക്ക്് മീറ്റിനുള്ള കേരള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പട്ടിക പ്രഖ്യാപിച്ച ശേഷം മാത്രമേ പി.ടി ഉഷയും താരങ്ങളും അന്തിമ തീരുമാനം എടുക്കൂ.
ഈ സീസണില്‍ തുടര്‍ച്ചയായി ദേശീയ രാജ്യാന്ത മത്സരങ്ങളില്‍ മികവു തെളിയിച്ച മൂന്നു താരങ്ങള്‍ക്കും ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കാന്‍ നേരിട്ട് എന്‍ട്രി നല്‍കണമെന്ന് പി.ടി ഉഷ സംസ്ഥാന അത്ലറ്റിക്ക് അസോസിയേഷനു കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ 11 നാണ് ഇതുസംബന്ധിച്ച് ഉഷ അസോസിയേഷനു കത്ത് നല്‍കിയത്. എന്നാല്‍, കത്തില്‍ തീരുമാനം എടുക്കാതെ നീട്ടികൊണ്ടു പോയ അസോസിയേഷന് എറണാകുളത്ത് സംസ്ഥാന മീറ്റ് തുടങ്ങുന്നതിന്റെ തലേന്ന് 27നു രാത്രിയാണ് മത്സരിക്കാതെ പ്രവേശനം നല്‍കില്ലെന്ന് മറുപടി നല്‍കിയതെന്നു ഉഷ പറഞ്ഞു.
സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് യോഗ്യത തെളിയിച്ചില്ലെങ്കില്‍ മൂവര്‍ക്കും ദേശീയ മീറ്റിലേക്ക് നേരിട്ട് എന്‍ട്രി നല്‍കാനാവില്ലെന്ന് അസോസിയേഷന് സെക്രട്ടറി പി.ഐ ബാബുവിന്റെ നേതൃത്വത്തില്‍ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് തീരുമാനം എടുത്തത്. ഉഷയുടെ കത്ത് കിട്ടിയപ്പോള്‍ തന്നെ താരങ്ങളെ സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് യോഗ്യത തെളിയിച്ചാലേ ദേശീയ മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തൂ എന്ന് ഫോണിലൂടെ സന്ദേശം കൈമാറിയിരുന്നതായി സെക്രട്ടറി പി.ഐ ബാബു സുപ്രഭാതത്തോട് പറഞ്ഞു. സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് ദേശീയ മീറ്റില്‍ മത്സരിക്കാനുള്ള യോഗ്യത മറ്റു താരങ്ങള്‍ നേടി കഴിഞ്ഞു. അതുകൊണ്ടു തന്നെ മാനദണ്ഡം ലംഘിച്ച് ഉഷ സ്കൂളിലെ താരങ്ങള്‍ക്കു മാത്രം പ്രവേശനം നല്‍കാനാവില്ല. എങ്കിലും 400 മീറ്ററില്‍ ഒരു താരം മാത്രമാണ് യോഗ്യത മാര്‍ക്ക് കടന്നതെന്നതിനാല്‍ ജിസ്ന മാത്യുവിനു എന്‍ട്രി നല്‍കാമെന്നും പി.ഐ ബാബു പറഞ്ഞു.
എന്നാല്‍, കത്തിലെ ആവശ്യം നിരസിച്ച കാര്യം മേളയുടെ തലേനാള്‍ രാത്രിയാണ് അറിയിച്ചതെന്നും, മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെങ്കില്‍ താരങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിയുമായിരുന്നെന്നും പി.ടി ഉഷ പറഞ്ഞു. സംസ്ഥാന ടീമില്‍ നിന്നു ഒഴിവാക്കപ്പെട്ടാല്‍ എ.എഫ്.ഐയുടെയോ ഗുജറാത്തിന്റെയോ ബാനറില്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ മൂവരും ട്രാക്കിലിറങ്ങുമെന്ന് ഉഷയും സൂചന നല്കി. തന്റെ ശിഷ്യകള്‍ കേരളത്തിനായി മത്സരിക്കുന്നതിലാണ് അഭിമാനവും ആവേശവുമെങ്കിലും ഒഴിവാക്കപ്പെട്ടാല്‍ മറ്റു വഴികള്‍ തേടാതെ നിര്‍വാഹമില്ലെന്ന സൂചനയും ഉഷ നല്‍കിയിട്ടുണ്ട്. ഷഹര്‍ബാനയ്ക്കും അബിതയ്ക്കും എന്‍ട്രി ലഭിച്ചില്ലെങ്കില്‍ ജിസ്ന മാത്യുവിനെയും കേരളത്തിനായി ട്രാക്കിലിറക്കാന്‍ സാധ്യതയില്ല. മൂന്നു താരങ്ങളെയും ഒഴിവാക്കുന്നതിലൂടെ കേരളത്തിനു ഉറപ്പായിരുന്ന മെഡലുകളാണ് നഷ്്ടമാവുക. ദേശീയ ക്യാംപിലായിരുന്നതിനാല്‍ സംസ്ഥാന യൂത്ത് മീറ്റില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ അബിതയെ നേരത്തെ തേഞ്ഞിപ്പലത്ത് നടന്ന ദേശീയ യൂത്ത് മീറ്റിനുള്ള കേരള ടീമില്‍ നിന്നു ഒഴിവാക്കിയിരുന്നു. അന്ന് എ.എഫ്.ഐയുടെ ബാനറില്‍ ട്രാക്കിലിറങ്ങിയ അബിത 800 മീറ്ററില്‍ സ്വര്‍ണം നേടുകയും ചെയ്തു. മൂവരും ദേശീയ-രാജ്യന്തര ട്രാക്കില്‍ മികവ് തെളിയിച്ച താരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."