മാലിന്യ ശേഖരണത്തിന്റെ മറവില്‍ കുടുംബശ്രീ ജനങ്ങളെ കൊള്ളയടിക്കുന്നു
കാക്കനാട്: മാലിന്യ ശേഖരണത്തിന്റെ മറവില്‍ കുടുംബശ്രീ ജനങ്ങളെ കൊള്ളയടിക്കുന്നതായി പരാതി. തൃക്കാക്കര നഗരസഭയിലെ കുടുബശ്രീയാണ് നിര്‍ദിഷ്ട രീതിയില്‍ മാലിന്യം ശേഖരിക്കാതെ യാതൊരു വിധ മാനദണ്ഡവുമില്ലാതെ ജനങ്ങളില്‍ നിന്നും പണം പിരിക്കുന്നത്.
നഗരസഭയിലെ ഓരോ വീടുകളില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ ജൈവ മാലിന്യവും ബുധനാഴ്ച ദിവസങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കുന്നതിന് പ്രതിമാസം 100 രൂപ വീതമാണ് കുടുബശ്രീ ഈടാക്കുന്നത്. ഇതിനായി മാലിന്യ ശേഖരണവാഹനവുമായി ഒന്നില്‍ കൂടുതല്‍ കുടുബശ്രീ പ്രവര്‍ത്തകര്‍ ഓരോ തെരുവില്‍ നിന്നും മാലിന്യം ശേഖരിക്കണമെന്നാണ് നിയമം. ഈടാക്കുന്ന തുകയ്ക്ക് ശരിയായ രശീതും കുടുബശ്രീ നല്‍കിയിട്ടുള്ള കാര്‍ഡില്‍ തുക പതിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ ബക്കറ്റില്‍ മാലിന്യവുമായി കാത്തിരിക്കുന്ന കുടുബങ്ങള്‍ക്ക് നിരാശയാണ് ഫലം. ആഴ്ചയിലൊരിക്കല്‍ ഇവര്‍ വന്നാലായി എന്ന മട്ടായതോടെ മാലിന്യം ബക്കറ്റിലിരുന്നു പുഴുവരിക്കുന്ന അവസ്ഥയാണുള്ളത്.
എന്നാല്‍ മാസവസാനത്തിനുള്ളില്‍ ഇവര്‍ ഓടി നടന്ന് തുക പിരിക്കുന്നതല്ലാതെ ശരിയായ രശീതൊന്നും നല്‍കാത്തതിനാല്‍ പിരിക്കുന്ന തുക കുടുബശ്രീ അക്കൊണ്ടില്‍ എത്തുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി.
വാടുകളില്‍ നിന്നും മാലിന്യം ശേഖരിക്കാത്ത ദിവസങ്ങളില്‍ തൃക്കാക്കരയിലെ വന്‍കിട ഷോപ്പിഗ് മാളുകള്‍, ഹോട്ടലുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനാണ് ഇവര്‍ക്ക് താല്‍പര്യം.
ദിവസം തോറും ഇവരില്‍ ടണ്‍ കണക്കിന് മാലിന്യം ശേഖരിച്ച് വന്‍തുക ഈടാക്കി ചെറിയ തുക മാത്രം അക്കൗണ്ടില്‍ കാണിച്ച് ബാക്കി പണം കൈക്കലാക്കുകയാണ് കുടുംബശ്രീ ചെയ്യുന്നത്. ഇതിന്റെ നിശ്ചിത ശതമാനം തുക അതതു വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും നഗരസഭ ഭരണാധികാരികളുടെ ഒത്താശ ഇതിനു പിന്നിലുണ്ടെന്നുമാണ് വിവരം.
തൃക്കാക്കര നഗരസഭയില്‍ 43 വാര്‍ഡുകളിലായി 18000 വീടുകള്‍, 5000 ഫ്‌ളാറ്റുകള്‍, 180 മാളുകള്‍, 130 ഹോട്ടലുകള്‍ തുടങ്ങിയവയില്‍ നിന്നാണ് മാലിന്യം ശേഖരിക്കുന്നത്.
ഇവിടങ്ങളില്‍ നിന്നും പ്രതിമാസം ലക്ഷങ്ങളാണ് കുടുംബശ്രീ അക്കൗണ്ടില്‍ വരേണ്ടതെങ്കിലും തുഛമായ തുക മാത്രമാണ് കണക്കില്‍ കാണിക്കുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."