നികുതി കൂട്ടി പുകയില നിയന്ത്രിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ചരക്കുസേവന നികുതിയും (ജി.എസ്.ടി) എക്‌സൈസ് തീരുവയും ഒരുമിച്ചു ചുമത്തി പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നു നിര്‍ദേശം. 2003ലെ കേന്ദ്ര പുകയില നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന ടുബാക്കോ ഫ്രീ കേരള പ്രൊജക്ട് വിവിധ വിഭാഗം ജനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിലാണ് ഈ നിര്‍ദേശം വ്യാപകമായി ഉയര്‍ന്നത്.
ചരക്കുസേവന നികുതിയും എക്‌സൈസ് തീരുവയും ഒന്നിച്ചു ചുമത്തി പുകയില ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തി വരുമാനം വര്‍ധിപ്പിക്കുകയും ഉപയോഗം കുറച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ഓസ്‌ട്രേലിയ സ്വീകരിച്ചിരിക്കുന്നത്. 2003ലുണ്ടായിരുന്ന പുകയിലയുടെ വ്യാപന കണക്കില്‍ 25 ശതമാനം കുറവാണ് 2015ല്‍ അവിടെയുണ്ടായത്. പ്രായപൂര്‍ത്തിയായവരില്‍ 15.8 ശതമാനം മാത്രമാണ് പുകയിലയുടെ വ്യാപനം.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം സ്വീകരിച്ച് 16 വര്‍ഷം മുന്‍പാണ് ഓസ്‌ട്രേലിയയില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം ജി.എസ്.ടി ഏര്‍പെടുത്തിയത്. ഇതോടെ സിഗരറ്റ് ഉല്‍പന്നങ്ങളുടെ പ്രതിവര്‍ഷ ഉപഭോഗം 2000- 2001ല്‍ 28,607 ദശലക്ഷമായിരുന്നത് 2010- 2011ല്‍ 24,725 ദശലക്ഷമായി കുറഞ്ഞു. 1999നും 2010നുമിടയ്ക്ക് എക്‌സൈസ്, കസ്റ്റംസ് തീരുവകളില്‍ വര്‍ധന വരുത്തിയിരുന്നില്ല.
2010ല്‍ എക്‌സൈസ് തീരുവ ഗണ്യമായി കൂട്ടി. തൊട്ടടുത്ത വര്‍ഷങ്ങളില്‍ പണപ്പെരുപ്പവുമായി പൊരുത്തപ്പെടുത്താന്‍ വില കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. നിലവില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് 2003ലുണ്ടായിരുന്ന എക്‌സൈസ് നിരക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍. ഇടത്തരം സിഗരറ്റുകള്‍ക്ക് ചില്ലറവില്‍പന വിലയുടെ 66 ശതമാനമാണ് എക്‌സൈസ് തീരുവ. ഇതിനൊപ്പം ജി.എസ്.ടി കൂടി ചുമത്തിയപ്പോള്‍ ചില്ലറ വില്‍പന വിലയുടെ 70 ശതമാനമെങ്കിലുമെന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള തലത്തിലേക്ക് സിഗരറ്റ് വില ഉയര്‍ന്നു.
ജി.എസ്.ടി വഴിയുള്ള നികുതി വരുമാനം അവിടെ 2001ല്‍ ഉണ്ടായിരുന്നതിന്റെ 56 ശതമാനത്തോളം 2011ല്‍ കൂടിയതായാണ് കണക്ക്. എക്‌സൈസ്, കസ്റ്റംസ്, ജി.എസ്.ടി എന്നിവ
ചേര്‍ത്തുള്ള നികുതി വരുമാനം ഇതേ കാലയളവില്‍ 50.8 ശതമാനം കൂടിയതായും കണക്കാക്കപ്പെടുന്നു.
ഇതുവഴി മൂന്നുവര്‍ഷം കൊണ്ട് പുകയില ഉപഭോഗത്തില്‍ 19.6 ശതമാനം കുറവു വരുത്താനും ഓസ്‌ട്രേലിയയ്ക്കു കഴിഞ്ഞു. പുകയില ഉപഭോഗം ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കാനുള്ള മാര്‍ഗം അധിക നികുതി ചുമത്തി വില വര്‍ധന സൃഷ്ടിക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ അനുഭവം വ്യക്തമാക്കുന്നതായി ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."