സഊദിയില്‍ വിവിധ ഭീകരാക്രമണ കേസിലെ പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു
റിയാദ്: രാജ്യത്ത് നടത്തിയ വിവിധ ഭീകരാക്രമണങ്ങളില്‍ ബന്ധമുള്ളവരുടെ പേരുവിവരങ്ങള്‍ സഊദി ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ പാരിതോഷികം പ്രഖ്യാപിച്ചാണ് ഭീകരരുടെ പട്ടിക പുറത്തുവിട്ടത്. സഊദി ആഭ്യന്തര മന്ത്രാലയം ഇവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ കേസുകളിലെ ഒമ്പത് പേരെയാണ് സഊദി ആഭ്യന്തര മന്ത്രാലയം പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയും അവരുടെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തത്. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയായ ഖതീഫിലും ദമ്മാമിലും കഴിഞ്ഞ ഏതാനും നാളുകളില്‍ നിരവധി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് പുറത്തുവിട്ട പട്ടികയിലുള്ളവര്‍. അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.
പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ പാരിതോഷികം സഊദി ആഭ്യന്തര മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒന്നിലധികം ആളുകളെ കണ്ടെത്തുന്നവര്‍ക്ക് 5,000,000 റിയാലും ഏതെങ്കിലും ഭീകരാക്രമണ പദ്ധതിയെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുന്നതിന് 7,000,000 സഊദി റിയാലും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ഭീകരാക്രമണ കേസുകളില്‍ സ്വദേശികളെയും വിദേശികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വധിക്കുവാനും പൊതു സമ്പത്തുകളെയും രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും നശിപ്പിക്കുവാനും ലക്ഷ്യമിട്ടവരാണിവരെന്ന് സഊദി ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.
പിടികിട്ടാപുള്ളികളായി പ്രഖൃാപിച്ച ഒമ്പത് പേരില്‍ എട്ട് പേരും സ്വദേശികളാണ്. ബാക്കിയുള്ള ഒരാള്‍ ബഹ്‌റൈന്‍ പൗരനുമാണ്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 990 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കൂടാതെ, ജിദ്ദയിലെ സ്‌റേഡിയത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട സംഭവത്തില്‍ രണ്ടു പാകിസ്ഥാന്‍ പൗരനെയും സിറിയ, സുഡാന്‍ എന്നീ പൗരന്‍മാരുമടക്കം നാലു പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കൂടാതെ ഐഎസുമായി നിരന്തരം ബന്ധപ്പെട്ടു വന്നിരുന്ന 4 സഊദികളടങ്ങുന്ന തീവ്രവാദ ഗ്രൂപ്പിനെയും തലസ്ഥാന നഗരിയില്‍ നിന്നും പിടി കൂടിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിറിയയിലെ ഐ എസ് നേതൃത്വവുമായി ഭീകരാക്രമണ പദ്ധതിയുമായി നിരന്തരം ഇവര്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."