'അഫ്ഗാന് മൊണാലിസ'യെ പാകിസ്താന് വിട്ടയക്കും
ഇസ്ലാമാബാദ്: വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി അനധികൃതമായി താമസിച്ചതിന്റെ പേരില്‍ അറസ്റ്റിലായ അഫ്ഗാന് പെണ്‍കുട്ടി ഷര്‍ബത് ഗുലയെ പാകിസ്താന് വിട്ടയക്കും.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഷര്‍ബത്തിനെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്കിയ ഉദ്യോഗസ്ഥരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍. അവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന് പറഞ്ഞു.
ഷര്‍ബത്തിനെ കുറ്റവിമുക്തയാക്കുകയാണെങ്കില് അവര്‍ക്ക് പുറത്തുപോകാനുള്ള താല്കാലിക വിസ അനുവദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ജോഗ്രഫിക്സിന്റെ മുഖചിത്രത്തിലൂടെ പ്രശസ്തയായ അഫ്ഗാന് പെണ്‍കുട്ടി ഷര്‍ബത് ഗുലയെ കഴിഞ്ഞ ആഴ്ച്ചയിലാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്.
അറസ്റ്റിലാകുമ്പോള്‍ ഷര്‍ബത്തിന്റെ വീട്ടില്‍ നിന്നും അഫ്ഗാന് ഐ.ഡി കാര്‍ഡും പാക് ഐ.ഡി കാര്‍ഡും പൊലിസ് പിടിച്ചെടുത്തിരുന്നു. ഇത് ഇവര്‍ ക്രിത്രിമമായി ഉണ്ടാക്കിയിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തി.
1985ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ജിയോഗ്രഫിക് മാഗസിന് കവറിലൂടെയാണ് ഷര്‍ബത് ആദ്യമായി ലോകശ്രദ്ധയില്‍ പെടുന്നത്. അന്ന് പന്ത്രണ്ട് വയസ്സ് ആയിരുന്നു പ്രായം. 1984 ല്‍ പെഷവാറില്‍ നിന്നാണ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറെ ഷര്‍ബതിനെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."