ബൈക്കിടിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
പൊയ്‌നാച്ചി: റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരിച്ചു. പനയാല്‍ നെല്ലിയടുക്കം ഗവ. എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും പനയാല്‍ ബഞ്ചിവയലിലെ ബി.ആര്‍ വേണുഗോപാല്‍-സുനിത ദമ്പതികളുടെ മകളുമായ പി.വി അഞ്ജന(6)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7.30 ഓടെ ദേശീയ പാതയിലായിരുന്നു അപകടം.
മാതാവ് സുനിതയ്‌ക്കൊപ്പം മൈലാട്ടിയില്‍ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എല്‍. 60 എഫ് 1224 നമ്പര്‍ ബൈക്ക് കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ അഞ്ജനയെ കാസര്‍ക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. എന്നാല്‍ വഴിമധ്യേ വച്ച് കുട്ടി മരിക്കുകയായിരുന്നു.
അമ്മയുടെ കൂടെ മാതൃസഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു അഞ്ജന. മൈലാട്ടിയില്‍ ഓട്ടോയിറങ്ങി മാതാവിന്റെ കൈപിടിച്ച് റോഡുമുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. അഞ്ജനയുടെ പിതാവ് വേണുഗോപാല്‍ ഗള്‍ഫിലാണ്. അപകട വിവരമറിഞ്ഞ വേണുഗോപാല്‍ നാട്ടിലേക്ക് തിരിച്ചു.
മൂന്നു വയസുകാരി അനുഷയാണ് ഏക സഹോദരി. മരണത്തില്‍ അനുശോചിച്ച് സ്‌കൂളിനു ഇന്ന് അവധി നല്‍കി. അഞ്ജനയുടെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും അവധി ദിവസം ആഘോഷിച്ച അഞ്ജനയുടെ മരണവിവരം താങ്ങാനാകാതെ കണ്ണീരൊഴുക്കുകയാണ് സഹപാഠികള്‍. ബൈക്കോടിച്ചിരുന്ന ആള്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇയാള്‍ക്കെതിരേ വിദ്യാനഗര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."