കെ.എം എബ്രഹാം സെബി അംഗമായിരിക്കെ കോര്‍പറേറ്റുകള്‍ക്കായി പ്രവര്‍ത്തിച്ചു
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനത്തിന് അന്വേഷണം നേരിടുന്ന ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ മുഴുവന്‍സമയ അംഗം ആയിരിക്കെ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന സുപ്രിംകോടതിയുടെ വിമര്‍ശനമാണ് പുറത്തുവന്നിരിക്കുന്നത്.
സെബി അംഗമായിരിക്കെ എബ്രഹാമിനെ ചെയര്‍മാനാക്കാന്‍ ഒരാള്‍ സമര്‍പിച്ച ഹരജിയില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സെബി ചെയര്‍മാനായി അക്കാലത്ത് അംഗമായിരുന്ന കെ.എം എബ്രഹാമിന്റെ പേരും പരിഗണിച്ചിരുന്നു.
എന്നാല്‍, നറുക്ക് വീണത് യു.കെ സിന്‍ഹയ്ക്ക്. തുടര്‍ന്ന് സിന്‍ഹയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ കുമാര്‍ അഗര്‍വാള്‍ എന്നയാളാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇയാള്‍ക്ക് കേസ് നടത്താനുള്ള എല്ലാ സഹായവും നല്‍കിയത് എബ്രഹാമാണെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.
ഈ കേസില്‍ വിധി വന്നപ്പോള്‍ ഏബ്രഹാമിനെതിരേ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സെബി അംഗമായിരുന്നപ്പോഴുള്ള എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതായിരുന്നെന്നും കോര്‍പറേറ്റുകള്‍ക്കായി പ്രവര്‍ത്തിച്ചെന്നും കോടതി നിരീക്ഷിച്ചു.
അഗര്‍വാളിന്റെ ആരോപണങ്ങള്‍ എല്ലാം എബ്രഹാമിനു നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണെന്നായിരുന്നു കോടതി വിമര്‍ശനം. സെബിയുടെ മുഴുവന്‍സമയ അംഗമെന്ന നിലയിലുള്ള കെ.എം എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഒട്ടേറെ പരാതികള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു.
ചട്ടം ലംഘിച്ച് കെല്‍ട്രോണ്‍ ചെയര്‍മാന്
ആനുകൂല്യങ്ങള്‍ നല്‍കി
തിരുവനന്തപുരം: ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരേ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട്.
കെല്‍ട്രോണ്‍ ചെയര്‍മാനുവേണ്ടി ചട്ടംമറികടന്ന് ഇടപെട്ടെന്നും വഴിവിട്ട് വന്‍ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതുവഴി 58.4 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."