നടക്കാവില്‍ റോഡ് വീതികൂട്ടാന്‍ അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും
കോഴിക്കോട്: റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന ഈസ്റ്റ് നടക്കാവില്‍ സ്ഥലമേറ്റെടുത്ത് റോഡിനു വീതികൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് അഞ്ചുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. നടക്കാവ് വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ കെ.പി വിജയകുമാര്‍, പി.എം പ്രേമരാജന്‍ എന്നിവരാണ് സമരം നടത്തുന്നത്. ഈസ്റ്റ് നടക്കാവില്‍ വയനാട് റോഡില്‍ ബസ് സ്റ്റോപ്പിന് മുന്‍വശത്താണ് സമരപ്പന്തല്‍. നാളെ ഒന്‍പതുമുതല്‍ റസിഡന്‍സ് അസോസിയേഷന്‍ ഐക്യദാര്‍ഢ്യ നിരാഹാരസമരവും നടത്തും. സമരം വിജയിപ്പിക്കുന്നതിന് ഡോ. എ. അച്ചുതന്‍ (ചെയ), പാവു വര്‍ഗീസ് (വൈ. ചെയ), അഡ്വ. എ.കെ ജയകുമാര്‍ (കണ്‍), സത്യന്‍ മൂത്തയില്‍ (ജോ. കണ്‍) എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. ഗാന്ധിയനും ഏകതാ പരിഷത്ത് പ്രസിഡന്റുമായ പി.വി രാജഗോപാല്‍ നാളെ സമരപ്പന്തല്‍ സന്ദര്‍ശിക്കും.
നടക്കാവ് ഭാഗം വീതികൂട്ടുന്നതിന് കഴിഞ്ഞ 18 വര്‍ഷമായി നിരന്തരം സമരം തുടരുകയാണ്. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലം നടക്കാവാണ്. കഴിഞ്ഞ രണ്ടരമാസത്തിനകം വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. കഴിഞ്ഞ അഞ്ചിന് നടക്കാവില്‍ സൂചനാ നിരാഹാര സമരം നടത്തിയിരുന്നു.
മുഖ്യമന്ത്രി, ധനകാര്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് ഒരുമാസം മുന്‍പ് നിവേദനവും നല്‍കിയിരുന്നു.
സര്‍ക്കാര്‍ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇല്ലാത്തതുകാരണമാണ് അനിശ്ചിതകാല സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."