ഭക്ഷണത്തില്‍ പാറ്റയിട്ട് ഹോട്ടല്‍ പൂട്ടിക്കാന്‍ ശ്രമം; വിരുതന്മാരെ സി.സി.ടി.വി ക്യാമറ കുരുക്കി
പത്തനംതിട്ട: ഭക്ഷണം മലിനമാണെന്ന് പരാതി ഉയര്‍ത്തി പുതുതായി തുടങ്ങിയ ഹോട്ടല്‍ പൂട്ടിക്കാന്‍ ശ്രമം നടത്തിയവര്‍ ക്യാമറയില്‍ കുടുങ്ങി. ഒരേ സംഘത്തില്‍പ്പെട്ടവര്‍ രണ്ടാം തവണ നടത്തിയ ശ്രമത്തിലാണ് കള്ളക്കളി പൊളിഞ്ഞത്.
പന്തളത്തിനു സമീപം കുരമ്പാലയില്‍ അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ഫുഡ് ഇന്‍ ഫുഡ് റസ്റ്ററന്റില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം നടന്നത്. ആദ്യ തവണ ഹോട്ടലില്‍ എത്തിയ സംഘത്തിലൊരാള്‍ ബിരിയാണി ആവശ്യപ്പെട്ടു. ഇത് കിട്ടിയ ഉടനേ ഇയാള്‍ ബിരിയാണിയില്‍ ചത്ത പാറ്റ ഉണ്ടെന്നു പരാതി ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഹോട്ടലില്‍ പാറ്റശല്ല്യം ഇല്ലെന്നിരിക്കേ പരാതി വ്യാജമാണെന്ന് ഉറപ്പുണ്ടായിട്ടും ഇയാളെ നയത്തില്‍ തിരികെ അയച്ചു.
രണ്ടാം തവണയെത്തിയ ആള്‍ ഭക്ഷണത്തില്‍ രോമമുണ്ടെന്നാണ് പരാതിപ്പെട്ടത്. തുടരെ പരാതി ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ ഹോട്ടലുകാര്‍ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. ക്യാമറ പരിശോധിച്ചതില്‍ നിന്നും ഒന്നാമന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കരുതിയിരുന്ന ചത്ത പാറ്റായെയും രണ്ടാമന്‍ കണ്‍പുരികത്തില്‍ നിന്ന് രോമം കൊഴിച്ചും ഭക്ഷണത്തിലിടുന്നത് കണ്ടെത്തി. തുടര്‍ന്ന് ഉടമകള്‍ പൊലിസിന് പരാതി നല്‍കി.
പൊലിസ് അന്വേഷണം ആരംഭിച്ചതോടെ ഇരുവരും കുറ്റം സമ്മതിക്കുകയും മാപ്പ് പറഞ്ഞ് രക്ഷപെടുകയും ചെയ്തു. തുടര്‍ന്ന് ഹോട്ടലുടമകള്‍ പരാതി പിന്‍വലിച്ചു. ഭരണപക്ഷത്തെ ഒരു പ്രധാന പാര്‍ട്ടിയുടെ കുരമ്പാലയിലെ പ്രവര്‍ത്തകരാണ് ഇവര്‍. ഹോട്ടല്‍ നിര്‍മ്മാണ വേളയില്‍ പാര്‍ട്ടിപ്പിരിവ് നല്‍കാഞ്ഞതിന്റെ ദേഷ്യമാകാം ഇതിനു പിന്നിലെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."