തൊഴില്‍ വിസ അനുവദിച്ചതില്‍ വന്‍ വര്‍ധനയെന്ന് സഊദി
ജിദ്ദ: സഊദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുമ്പോഴും വിദേശത്തേക്ക് അനുവദിച്ച തൊഴില്‍ വിസയുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായി തൊഴില്‍ മന്ത്രാലയം. 2014 നെ അപേക്ഷിച്ച് 2015 ല്‍ വിസ അനുവദിച്ചതില്‍ 24 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2015 ല്‍ മാത്രം വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനായി 20 ലക്ഷത്തിലധികം പുതിയ വിസകള്‍ തൊഴില്‍ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് രാജ്യത്ത് ആരംഭിച്ച മക്ക ഹറം വികസനം, റിയാദ് മെട്രോ തുടങ്ങിയ ബൃഹത് പദ്ധതികളാണ് ഇത്രയധികം വിസ അനുവദിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത്. കൂടാതെ നിര്‍മാണ രംഗത്ത് നടന്നുവരുന്ന പദ്ധതികളും കോണ്‍ട്രാക്ടിങ് കമ്പനികളുടെ റിക്രൂട്ടിങ് തോത് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ഇന്തോനേഷ്യയില്‍ നിന്നുള്ള വീട്ടുവേലക്കാരുടെ വരവ് കുറഞ്ഞ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളിലേക്ക് വീട്ടുവേലക്കാര്‍ക്ക് വിസ അനുവദിച്ചതും റിക്രൂട്ടിങ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
എന്നാല്‍ താല്‍ക്കാലിക ജോലിക്കാരെയും വീട്ടുവേലക്കാരെയും വിതരണം ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ച പുതിയ കമ്പനികള്‍ ഈ അവസ്ഥക്ക് മാറ്റം വരാന്‍ കാരണമായിട്ടുണ്ട്. വിദേശ റിക്രൂട്ടിങിന് പകരം രാജ്യത്ത് നിലവിലുള്ള പരിചയസമ്പന്നരായ വിദേശി ജോലിക്കാരെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി ജോലിക്ക് എടുക്കുന്നത് പ്രോത്സാഹിപ്പിച്ചത് റിക്രൂട്ട് കുറക്കാന്‍ കാരണമായിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."