ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്നത് 2800 മത്സ്യത്തൊഴിലാളികള്‍
ചെന്നൈ: 2012 മുതല്‍ 2016 ഒക്ടോബര്‍ 31 വരെ 2,800 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയും നാവിക സേനയും അറസ്റ്റ് ചെയ്തതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി മംഗള സമരവീരയുമായി അടുത്തദിവസം ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനിരിക്കെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന പേരില്‍ ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള വിവരം സുഷമ സ്വരാജ് അറിയിച്ചത്.
ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടിയതായും വിദേശകാര്യ മന്ത്രി അറിയിച്ചു.
അതേസമയം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കു ശേഷം ഈ മാസം അഞ്ചിന് ഇന്ത്യയില്‍ തടവില്‍ കഴിയുന്ന 10 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രത്യേകം ചര്‍ച്ച നടത്തും.
അതേസമയം തമിഴ്‌നാട്ടില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ അനുഭവിക്കുന്ന ദുരിതം രൂക്ഷമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ശ്രീലങ്കന്‍ സേനയില്‍ നിന്നുള്ള പീഡനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
2012 മുതലാണ് പ്രതിസന്ധി തുടങ്ങിയതെന്നും തമിഴ് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പ്രശ്‌നം സംബന്ധിച്ച് മൂന്നുതവണ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിനുപുറമെ ബോട്ടുകളും മറ്റും പിടിച്ചെടുക്കുന്നതും പതിവാണ്. തൊഴിലാളികളെ ജയില്‍ മോചിതരാക്കിയാലും വസ്തുവകകള്‍ വിട്ടുകൊടുക്കാതിരിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്നും തമിഴ്‌നാട്ടിലെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."