കേരളം രാജ്യത്തെ ആദ്യ ഒ.ഡി.എഫ് സംസ്ഥാനമായി
തിരുവനന്തപുരം: കേരളം രാജ്യത്തെ ജനസാന്ദ്രതയേറിയ ആദ്യത്തെ വെളിയിട വിസര്‍ജന വിമുക്ത (ഒ.ഡി.എഫ്) സംസ്ഥാനമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തെ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള നടപടികളുടെ ആദ്യപടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. കേരളം കടുത്ത വരള്‍ച്ചയെ നേരിടാന്‍ പോവുകയാണ്.
അതിനായി തോടുകളും കുളങ്ങളും ശുദ്ധീകരിച്ചു സംരക്ഷിക്കണം. കേരളത്തെ വെളിയിട വിസര്‍ജന വിമുക്തമാക്കിയത് ജനപങ്കാളിത്തത്തോടെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമൂഹത്തിലെ വിവിധ വിഭാഗം ആളുകളും കക്ഷിഭേദമില്ലാതെ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇതു വിജയം കണ്ടത്.
ഈ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം അദ്ദേഹത്തിന് എത്താനായില്ല. സംസ്ഥാനത്ത് ടോയ്‌ലറ്റ് സൗകര്യമുള്ളവര്‍ 96 ശതമാനമുള്ള ഘട്ടത്തിലാണ് സര്‍ക്കാര്‍ ഈ പരിപാടിക്കു തുടക്കമിട്ടത്. മൂന്നു മാസംകൊണ്ട് ബാക്കി നാലു ശതമാനത്തിനും കൂടി ടോയ്‌ലെറ്റ് നിര്‍മിച്ചു നല്‍കുകയെന്ന പരിപാടിയാണ് നടപ്പാക്കിയത്. ഈ നാലു ശതമാനത്തില്‍ ടോയ്‌ലെറ്റ് ഉപയോഗിച്ചു ശീലമില്ലാത്തവരും അതിനു വിസമ്മതിക്കുന്നവരുമുണ്ട്. അവരെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. നഗരപ്രദേശങ്ങള്‍ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്തമാകുന്നതിന്റെ പ്രഖ്യാപനം ജനുവരിയിലായിരിക്കും ഉണ്ടാകുക.
നഗരങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഒരുമിച്ചു താമസിക്കുന്ന ഇടങ്ങള്‍ ധാരാളമുള്ളതിനാല്‍ അവര്‍ക്കു കൂടി ടോയ്‌ലെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന വെല്ലുവിളി മുന്നിലുണ്ട്. വെളിയിടങ്ങളില്‍ വിസര്‍ജ്യം വീഴാത്ത തരത്തിലുള്ള സംവിധാനമുള്ള ട്രെയിനുകള്‍ സംസ്ഥാനത്ത് ഓടിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.
തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി. മന്ത്രിമാരായ മാത്യു ടി. തോമസ്, കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, പ്രൊഫ. രവീന്ദ്രനാഥ്, തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍, പി. തിലോത്തമന്‍, ടി.പി രാമകൃഷ്ണന്‍, ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, ഒ. രാജഗോപാല്‍, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, കേന്ദ്ര പഞ്ചായത്തിരാജ്- അര്‍ബന്‍ ഡവലപ്‌മെന്‍ന്റ് വകുപ്പു സെക്രട്ടറി പരമേശ്വരയ്യര്‍, മേയര്‍ വി.കെ പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് എത്തുമെന്നു പറഞ്ഞിരുന്ന കേന്ദ്ര മന്ത്രി സുരേന്ദ്ര സിങ് തോമര്‍ എത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."