വെള്ളത്തിനു മുട്ടുണ്ടാവില്ല
ഇരിട്ടി: ജില്ലയില്‍ ഈ വര്‍ഷവും കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കും. അറ്റകുറ്റ പണികള്‍ തീര്‍ത്ത് ഈ മാസം 15ന് തന്നെ ഷട്ടറുകള്‍ അടക്കുമെന്നും പഴശ്ശി ഇറിഗേഷന്‍ വെളിയമ്പ്ര അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷാജി സുപ്രഭാതത്തോടു പറഞ്ഞു. ചോര്‍ച്ച അടക്കല്‍ ഉള്‍പ്പെടെയുള്ള പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 2012ലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കനാല്‍, പൂന്തോട്ടത്തിന്റെ ഭാഗങ്ങളുടെ പുനര്‍നിര്‍മാണം, റിസര്‍വോയറിലെ അതിര്‍ത്തി അളന്ന് സര്‍വേ കല്ലുകള്‍ പതിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഷട്ടറിന്റെ പ്രധാന ഭാഗങ്ങളും മോട്ടറും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ പുനരുദ്ധാരണ പ്രവൃത്തികളും തകൃതിയാണ്. എട്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനം തീര്‍ക്കേണ്ടത് ഡിസംബറിലാണെങ്കിലും ഈ മാസം 15നു മുന്‍പ് തന്നെ പണി തീര്‍ത്ത് ഷട്ടറുകള്‍ അടക്കാനാണ് ഉദ്ദേശിക്കുന്നത്. ഡാമില്‍ 16 ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ ഒമ്പതെണ്ണം അടച്ചതായും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ കുടിവെള്ള വിതരണത്തിന് ഇതുവരെ പ്രശ്‌നമുണ്ടായില്ലെങ്കിലും ഷട്ടറുകള്‍ ഉടന്‍ അടച്ചില്ലെങ്കില്‍ സ്ഥിതി മാറുമെന്ന് ചാവശ്ശേരിപറമ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ ജയപ്രകാശ് പറഞ്ഞു. പഴശ്ശി റിസര്‍വോയറിലെ ഇന്‍ഡേക്ക് പമ്പ് ഹൗസില്‍ നിന്നു വെള്ളം ബൂസ്റ്റ് ചെയ്ത് ചാവശ്ശേരി പറമ്പിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിക്കും. ഇവിടെ നിന്നു ശുദ്ധീകരിച്ച് വെള്ളം കണ്ണൂര്‍, പെരളശ്ശേരി, കൊളച്ചേരി സ്ഥലങ്ങളിലെ ടാങ്കുകളില്‍ എത്തിച്ച് അവിടെ നിന്നാണ് വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. കണ്ണൂര്‍ ടാങ്കില്‍ നിന്നു എളയാവൂര്‍, പുഴാതി, പള്ളിക്കുന്ന്, ചിറക്കല്‍, വളപട്ടണം, അഴീക്കോട്, എടക്കാട്, കണ്ണൂര്‍ കോര്‍പറേഷനിലും കൊളച്ചേരി ടാങ്കില്‍ നിന്നു കുറ്റിയാട്ടൂര്‍, കൊളച്ചേരി, നാറാത്ത്, കൂടാളി, കീഴല്ലൂര്‍, മട്ടന്നൂരിലും പെരളശ്ശേരി ടാങ്കില്‍ നിന്നു സമീപത്തെ പത്ത് പഞ്ചായത്തുകളിലേക്കും ഡാമിലെ ജലം വിതരണത്തിനായി എത്തിക്കുന്നുണ്ട്. ഷട്ടറുകള്‍ അടക്കുന്നത് താമസിച്ചാല്‍ ജില്ലയില്‍ കൊടും വരള്‍ച്ച ഉണ്ടാകുമെന്ന ഭീതിയിലാണ് അധികൃതരും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."