'ലോകത്തിലെ ഏറ്റവും വേഗമേറിയ കാഷ്യര്‍', ആദ്യം പരിഹസിച്ച സോഷ്യല്‍ മീഡിയ ഇപ്പോള്‍ അഭിനന്ദിക്കുന്നു, കാരണം?
കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ലോകത്തെ ഏറ്റവും വേഗമേറിയ കാഷ്യറെ' ഇപ്പോള്‍ എല്ലാവരും അഭിനന്ദിക്കുകയാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുനെ ശാഖയിലെ കാഷ്യറായ പ്രേമലത ഷിന്‍ഡെയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്.
വളരെ വേഗം കുറഞ്ഞാണ് ഓരോ പ്രവര്‍ത്തനവും പ്രമേലത ചെയ്യുന്നത്. പണം എടുക്കുന്നതും കൊടുക്കുന്നതും വളരെ സാവധാനത്തിലാണ്. ഇതിന്റെ വീഡിയോ എടുത്ത് 'ലോകത്തിലെ ഏറ്റവും വേഗം കൂടിയ കാഷ്യര്‍' എന്ന അടിക്കുറിപ്പോടെ ഒരു ഉപഭോക്താവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഉടനെ വാട്‌സ്ആപ്പ് അടക്കമുള്ള മറ്റു മീഡിയകളിലും ഇതു വ്യാപകമായി.
എന്നാല്‍ ഇതേ സ്ത്രീ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി വിശദീകരിച്ചു കൊണ്ട് സാമൂഹ്യപ്രവര്‍ത്തകനായ ബാലരാജു സോമിസെട്ടി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് മാപ്പിന്റെ സ്വരത്തില്‍ സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം.
ബാലരാജു സോമിസെട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്
ഗുരുതമായ സ്‌ട്രോക്കും രണ്ടു തവണ ഹൃദയാഘാതവും സംഭവിച്ചതാണ് പ്രേമലതയെ ഈ ഗതിയിലെത്തിച്ചത്. എങ്കിലും ജോലി ചെയ്യുന്നതില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കാന്‍ തയ്യാറായില്ല. 2017 ഫെബ്രുവരിയില്‍ ഇവര്‍ ബാങ്കില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്. കടുത്ത രോഗിയായതു കൊണ്ടുതന്നെ ബാങ്ക് വേതനത്തോടു കൂടിയ അവധി അനുവദിച്ചിട്ടുണ്ടെങ്കിലും ജോലിയോടുള്ള ബഹുമാനം കൊണ്ട് അവിടെ തുടരുകയാണ്.
ഈ നിലപാടിനോട് സഹകരിക്കാന്‍ ബാങ്ക് തയ്യാറാവുകയും ഇവര്‍ക്കുവേണ്ടി ശാഖയില്‍ പ്രത്യേകം കാഷ് കൗണ്ടര്‍ ഉണ്ടാക്കുകയും ചെയ്തു. ഉപയോക്താക്കള്‍ക്ക് സാധാരണ കൗണ്ടറില്‍ നിന്ന് പണം കൈപ്പറ്റാനുള്ള സംവിധാനം അവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."