ദൂരദര്‍ശന്‍ മലയാളം ചാനലില്‍ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് അയിത്തം
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിനെയും ഭരിക്കുന്ന പാര്‍ട്ടിയെയും തൃപ്തിപ്പെടുത്താനുള്ള മുതിര്‍ന്ന ജീവനക്കാരുടെ അമിതാവേശത്തിനിടെ ദൂരദര്‍ശന് നഷ്ടമാകുന്നത് വാര്‍ത്തകളുടെ സമഗ്രത.
കേരളത്തില്‍ 14 ജില്ലകളിലും റിപ്പോര്‍ട്ടര്‍മാരുടെ നീണ്ടനിരയുണ്ടായിട്ടും ഇവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ പേരിനു പോലുമില്ല.
കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകളിലും പദ്ധതി പ്രഖ്യാപനങ്ങളിലും കുറച്ച് വിദേശവാര്‍ത്തകളിലും ഒതുങ്ങുകയാണ് ദൂരദര്‍ശന്‍ വാര്‍ത്താ ബുള്ളറ്റിനുകള്‍. കേരളത്തില്‍ നിന്ന് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും ശബരിമല, ഗുരുവായൂര്‍ വിശേഷങ്ങളും മാത്രമാണ് വാര്‍ത്തയാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികള്‍ക്കുപോലും വേണ്ടത്ര കവറേജ് നല്‍കാന്‍ ദൂരദര്‍ശന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
ദൂരദര്‍ശനില്‍ രാത്രി ആറരയ്ക്കുശേഷമുള്ള വാര്‍ത്ത നാട്ടുകാര്‍ അറിയണമെങ്കില്‍ പിറ്റേന്ന് ഏഴര വരെ കാത്തിരിക്കണം. നേരത്തെ വൈകിട്ട് ഏഴിന് വാര്‍ത്ത നല്‍കുകയും അത് രാത്രി പുനഃസംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ലേഖകരുടെ പ്രതിഫലം പരമാവധി കുറച്ച് സാമ്പത്തിക നേട്ടമുണ്ടാക്കി ഗുഡ്‌ലിസ്റ്റില്‍ ഇടംപിടിക്കാനുള്ള തിരുവനന്തപുരത്തെ ചില ഉദ്യോഗസ്ഥരുടെ ശ്രമമാണ് വാര്‍ത്തയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നത്.
വാര്‍ത്തയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥലം മാറ്റം പ്രതീക്ഷിച്ചു കഴിയുകയാണ്. അത് വിദൂര സ്ഥലങ്ങളിലേക്ക് ആവാതിരിക്കാനുള്ള ബദ്ധപ്പാടില്‍നിന്നാണ് മോദി സര്‍ക്കാരിനെയും ബി.ജെ.പിയെയും പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകള്‍ക്ക് മാത്രമായി വാര്‍ത്താ ബുള്ളറ്റിന്‍ മാറ്റിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."