ഇരിട്ടി പാലം പണി വൈകും
ഇരിട്ടി: ഇരിട്ടി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്ക്കുന്നു. പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഈ മാസം 15ന് അടക്കുന്നതോടെ റിസര്‍വോയറില്‍ വെള്ളം കെട്ടിനിര്‍ത്തുമ്പോള്‍ പൈലിങ് പ്രവര്‍ത്തനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പണി നിര്‍ത്തിവയ്ക്കുന്നത്. ഷട്ടറുകള്‍ അടച്ചാല്‍ അടുത്ത വര്‍ഷം കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ മാത്രമെ പിന്നീടു തുറക്കുകയുള്ളൂ. അതിനു ശേഷം മാത്രമെ പാലം പണി പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂ. അതുവരെ റോഡിന്റെയും മറ്റു പണികളും തീര്‍ക്കുമെന്നു അധികൃതര്‍ അറിയിച്ചു.
ഇരിട്ടി പാലത്തിന്റെ രണ്ടറ്റത്തെയും തൂണുകളുടെ പൈലിങ് പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ഇരിട്ടി-കൂട്ടുപുഴ ദിശയിലുള്ള തൂണിന്റെ പൈലിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മറ്റൊന്നിന്റെ പ്രവൃത്തി പകുതി മാത്രമെ ആയിട്ടുള്ളൂ. അവസാനത്തെ രണ്ടു തൂണുകള്‍ക്ക് 12 വീതം പൈലിങും നടുക്കുള്ള തൂണുകള്‍ക്ക് നാലു പൈലിങുകളുമാണ് ചെയ്യേണ്ടത്. കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ലോഡ് ടെസ്റ്റിങും നടത്തും. കൂട്ടുപുഴ, ഉളിയില്‍ പാലങ്ങളുടെ പ്രവൃത്തികള്‍ ഈ മാസം അവസാനത്തോടെ തുടങ്ങുമെന്നും കൂട്ടുപുഴ പാലത്തിന്റെ സോയില്‍ വര്‍ക്ക് ആരംഭിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തൂണുകളില്ലാതെ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കൂട്ടുപുഴ പാലത്തിന് സമാന്തര പാലം നിര്‍മിക്കുമ്പോള്‍ നടുക്കു മാത്രം നാലു തൂണുകള്‍ ഉണ്ടാകും. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ടാറിട്ട റോഡിന്റെ വീതി 10 മീറ്ററും പാലത്തിന്റെ വീതി 12 മീറ്ററും ആയിരിക്കും.
2013ല്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസാര്‍ ഗ്രൂപ്പാണ് 234 കോടിക്ക് ആദ്യം ടെണ്ടര്‍ ചെയ്യുന്നത്. പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിലെത്തുടര്‍ന്ന് റീ ടെണ്ടര്‍ ചെയ്തു. ഇപ്പോള്‍ രണ്ടു റീച്ചുകളായാണ് ടെണ്ടര്‍. തലശ്ശേരി മുതല്‍ കളറോഡ് വരെ 30 കിലോമീറ്റര്‍ ഒന്നാം റീച്ചും കളറോഡ് മുതല്‍ വളവുപാറ വരെ 23 കിലോമീറ്റര്‍ രണ്ടാം റീച്ചുമാണ്. ഒന്നാം റീച്ച് 156 കോടിക്ക് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിനീഷ് അഗര്‍വാള്‍ ഗ്രൂപ്പും രണ്ടാം റീച്ച് 209 കോടിക്ക് പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവൃത്തിക്കുന്ന ഇ.കെ.കെ ഗ്രൂപ്പുമാണ് ഏറ്റെടുത്തിരിക്കുന്നത്. ഒന്നാം റീച്ചിന്റേത് 2018 ഓഗസ്റ്റിലും രണ്ടാം റീച്ചിന്റേത് 2018 ജൂണിലുമാണ് കാലാവധി അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."