സി.പിഎമ്മിനെതിരേ സി.പി.ഐ പരസ്യമായി രംഗത്ത്
നിലമ്പൂര്‍: സി.പി.എമ്മിനെതിരേ പ്രതിഷേധവുമായി ഘടകകക്ഷികളില്‍ പ്രധാനിയായ സി.പി.ഐ രംഗത്ത്. മണ്ഡലത്തില്‍ സി.പി.എമ്മിന്റെ നിഷേധാത്മക സമീപനം ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കുന്നതിന് ഇടയാക്കുമെന്ന് കാണിച്ച് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ പി.ടി ഉമ്മറിനെതിരേയാണ് സി.പി.ഐ മണ്ഡലം കമ്മിറ്റി താക്കീതുമായി രംഗത്തുവന്നിരിക്കുന്നത്. ഒക്‌ടോബര്‍ 31ന് റേഷന്‍ കടകള്‍ക്ക് മുമ്പില്‍ എല്‍.ഡി.എഫ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ യോഗം വിളിക്കാനോ പ്രക്ഷോഭത്തിന് രൂപം നല്‍കാനോ തയ്യാറായില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇത് സി.പി.എമ്മിന് തന്നെ ദോഷകരമാവും എന്നാണ് താക്കീത്. വരും ദിവസങ്ങളില്‍ സി.പി.എമ്മിനെതിരെ മറ്റു ഘടക കക്ഷികളും രംഗത്തുവരുമെന്ന് ഇവര്‍ പറയുന്നു. മണ്ഡലം സെക്രട്ടറി ആര്‍.
പാര്‍ഥസാരഥി അധ്യക്ഷനായി. ടി.കെ. ഗിരീഷ് കുമാര്‍, സി.കെ. മൊയ്തീന്‍, പി.എം ബഷീര്‍, എം. ഉമ്മര്‍, എ.പി രാജഗോപാല്‍, കെ. മനോജ് എന്നിവരാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. സി.പി.എമ്മിലെ വിഭാഗീയത മൂലം നിരവധി പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്ക് ചേക്കേറിയിരുന്നു. നിലമ്പൂരില്‍ കഴിഞ്ഞ ദിവസം സി.പി.എം നടത്തിയ ആയിരം കുടുംബങ്ങള്‍ സി.പി.എമ്മിലേക്ക് സ്വീകരണ ചടങ്ങില്‍ മറ്റു ഘടക കക്ഷികളെ ക്ഷണിച്ചിരുന്നുവെങ്കിലും സി.പി.ഐയെ ക്ഷണിച്ചിരുന്നില്ല. നിലമ്പൂരില്‍ എല്‍.ഡി.എഫില്‍ സി.പി.എമ്മും സി.പി.ഐ തുറന്ന പോരിലാണ്. ഇതിനിടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരേ സി.പി. ഐ മണ്ഡലം കമ്മിറ്റി തന്നെ രംഗത്തുവന്നിരിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."