സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും നേട്ടമുണ്ടാക്കി ഇടുക്കി
തൊടുപുഴ: പുതിയ ടൂറിസം സീസണ്‍ ആരംഭിച്ചതോടെ സഞ്ചാരികളെ വരവേല്‍ക്കാന്‍ മികച്ച സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഇടുക്കി ടൂറിസം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവാണ് ടൂറിസം സീസണായി കണക്കാക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ വരവിലും വരുമാനത്തിലുമുണ്ടായ ഗണ്യമായ വര്‍ധന കണക്കിലെടുത്ത് സുഗമ സഞ്ചാരത്തിനും, താമസത്തിനും, സുരക്ഷക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് ടൂറിസം വകുപ്പും ഡി.റ്റി.പി.സിയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ശുദ്ധജലവും മെഡിക്കല്‍ സൗകര്യവും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളും പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ഓണത്തിനും വിജയദശമി നാളിലും വിനോദസഞ്ചാരികളുടെ വന്‍പ്രവാഹമാണ് ജില്ലയിലുണ്ടായത്. 2015ല്‍ ഓണക്കാലത്ത് വാഗമണില്‍ 19200 പേരും, രാമക്കല്‍മേട്ടില്‍ 7750 പേരും, ഇടുക്കി ഹില്‍വ്യു പാര്‍ക്കില്‍ 4272 പേരുമാണ് എത്തിയതെങ്കില്‍ 2016 ല്‍ വാഗമണില്‍ 72000 പേരും, രാമക്കല്‍മേട്ടില്‍ 15513 പേരും, ഇടുക്കി ഹില്‍വ്യു പാര്‍ക്കില്‍ 8200 പേരുമായി വര്‍ധിച്ചു.
2014ല്‍ തേക്കടിയില്‍ 670099 സഞ്ചാരികള്‍ എത്തിയപ്പോള്‍ 2015ല്‍ അത് 732155 ആയി ഉയര്‍ന്നു.
2014ല്‍ രാമക്കല്‍മേട്ടില്‍ 107739 പേരും, ഇടുക്കി ഹില്‍വ്യു പാര്‍ക്കില്‍ 55771 പേരും, വാഗമണില്‍ 263345 പേരും എത്തി. 2015ല്‍ ഇത് 119994 ഉം, 57588ഉം, 329237ഉം ആയി ഉയര്‍ന്നു. സഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായതോടെ ഡി.റ്റി.പി.സിയുടെ പ്രവര്‍ത്തന മിച്ചത്തിലും ഗണ്യമായ നേട്ടമുണ്ടായി. 2014ല്‍ 71,59,855 രൂപയായിരുന്നു പ്രവര്‍ത്തന മിച്ചമെങ്കില്‍ 2016ല്‍ അത് ഇരട്ടിയോളമായി വര്‍ധിച്ച് 1,35,97,958 രൂപയായി ഉയര്‍ന്നു.
4.5 കോടി രൂപ മുടക്കുമുതലില്‍ മൂന്നാറിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ ആദ്യഘട്ടം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. 9.5 കോടി രൂപ മുതല്‍മുടക്കിലുള്ള രണ്ടാംഘട്ടം പദ്ധതി ഉടനെ തയ്യാറാകും. റോപ്പ് വേ, പ്ലാനറ്റോറിയം, ആംഫി തിയേറ്റര്‍ പദ്ധതികളും മൂന്നാറില്‍ നടപ്പാക്കും. വാഗമണ്ണില്‍ നടപ്പിലാക്കുന്ന 48 കോടി രൂപയുടെ മെഗാ ടൂറിസം പദ്ധതി ഉടന്‍ ആരംഭിക്കും.
ഇടുക്കിയില്‍ അഞ്ച് കോടി രൂപ മുതല്‍മുടക്കിലും പീരുമേട്ടില്‍ അഞ്ച് കോടി രൂപ മുതല്‍മുടക്കിലുമുള്ള ഇക്കോ ലോഗ് അക്കോമഡേഷന്‍ പദ്ധതി ഉടന്‍ ആരംഭിക്കും. 49.5 കോടി രൂപ മുതല്‍മുടക്കിലുള്ള ചക്കുപള്ളം, ചെല്ലാര്‍കോവില്‍, ഒട്ടകത്തലമേട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി, 107 കോടി രൂപയുടെ ഉറുമ്പിക്കര ടൂറിസം പദ്ധതി തുടങ്ങിയവയും ഗവണ്‍മെന്റിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇടുക്കി ആര്‍ച്ച് ഡാമിനു താഴെ ഡി.റ്റി.പി.സിയുടെ സ്ഥലത്ത് അഞ്ച് കോടി രൂപ മുതല്‍ മുടക്കിലുള്ള യാത്രാ നിവാസിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. 100 പേര്‍ക്ക് ചുരുങ്ങിയ ചിലവില്‍ താമസിക്കാനുള്ള സൗകര്യങ്ങളാണിവിടെ ഒരുക്കുന്നതെന്ന് ഡി.റ്റി.പി.സി സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."