തെരഞ്ഞെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് പൂവന്‍ വാഴക്കുല സമ്മാനം
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയികളാകുന്ന 140 പേര്‍ക്കും കൊടും വരള്‍ച്ചയെ കരുത്തോടെ അതിജീവിച്ച വാഴത്തോപ്പിലെ പൂവന്‍കുലകള്‍ സമ്മാനിക്കും. ജൈവകൃഷിയും ജലസംരക്ഷണവും പ്രചരിപ്പിക്കുന്നതിനാണ് എം.എല്‍.എമാര്‍ക്കു വാഴക്കുല സമ്മാനിക്കുന്നതെന്ന് ജൈവകര്‍ഷകനും ജലസംരക്ഷകനുമായ വര്‍ഗീസ് തരകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്ന ചിറ്റണ്ട, വരവൂര്‍, നീര്‍ക്കോലിമുക്ക് മലയിലെ വാഴത്തോട്ടത്തില്‍ നനയ്ക്കാതെ ജൈവകൃഷിയിലൂടെ താന്‍ നട്ടുവളര്‍ത്തുന്ന വാഴക്കുലകളാണ് എം.എല്‍.എമാര്‍ക്കു സമ്മാനിക്കുക. വാഴത്തോട്ടത്തിലെ ഓരോ വാഴയ്ക്കും കേരളത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിന്റെ പേരാണു നല്‍കിയിരിക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മഴവെള്ളം ഭൂഗര്‍ഭജലമാക്കി മാറ്റണമെന്ന സന്ദേശവുമായാണ് ഓരോ നിയോജകമണ്ഡലത്തേയും പ്രതിനിധാനം ചെയ്യുന്ന എം.എല്‍.എയ്ക്ക് പൂവന്‍കുല സമ്മാനിക്കുന്നത്.
നീര്‍ക്കോലിമുക്ക് മലയില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ അനുവദിക്കാതെ ഭൂമിക്കടിയിലേക്ക് ഇറക്കിവിട്ട് ഭൂഗര്‍ഭജല ലഭ്യത വര്‍ധിപ്പിച്ചു വിജയിച്ചതു മാതൃകയാണെന്ന് ഈയിടെ സ്ഥലം സന്ദര്‍ശിച്ച വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരും അതോറിറ്റിയിലെ എന്‍ജിനീയര്‍മാരും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രനും അടങ്ങിയ സംഘമാണ് മേയ് മൂന്നാം തീയതി സ്ഥലം പരിശോധിച്ച് മറ്റിടങ്ങളില്‍ ഈ മാതൃക പ്രയോഗിക്കണമെന്നു നിര്‍ദേശിച്ചത്. നീര്‍ക്കോലിമുക്ക് മലയിലെ ജലസംരക്ഷണ പദ്ധതി നേരില്‍ കണ്ടു മനസിലാക്കി സ്വന്തം നിയോജകമണ്ഡലങ്ങളില്‍ നടപ്പാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ എം.എല്‍.എമാര്‍ മുന്നോട്ടുവരണമെന്നും തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങളെ ഇതിനായി നീര്‍ക്കോലിമുക്ക് മലയിലേക്കു ക്ഷണിക്കുകയാണെന്നും വര്‍ഗീസ് തരകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."