കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വീണ്ടും യുവാക്കളുടെ ആത്മഹത്യാ ഭീഷണി
പെരിയ: കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വ കലാശാലയില്‍ വീണ്ടും യുവാക്കളുടെ ആത്മഹത്യാ ഭീഷണി. പ്രദേശത്തെ മാളോത്തുംപാറ കോളനിയിലെ എട്ടു യുവാക്കളാണ് കേന്ദ്ര സര്‍വ്വ കലാശാല കെട്ടിടത്തിന് മുകളില്‍ കയറി വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കഴിഞ്ഞ മാസം ഇതേ കോളനിയിലെ 14 പേര് ക്യാംപസില്‍ പുതുതായി സ്ഥാപിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. കേന്ദ്ര മന്ത്രി ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനായി എത്തുന്നതിനു തലേ ദിവസമാണ് അന്ന് യുവാക്കള്‍ ഭീഷണി മുഴക്കിയത്. കേന്ദ്ര സര്‍വ്വ കലാശാലയില്‍ പ്രദേശ വാസികളായ യുവാക്കള്‍ക്ക് സ്ഥിരം ജോലി നല്‍കാമെന്ന വാഗ്ദാനം അധികൃതര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാ ഭീഷണിയുമായി അന്ന് യുവാക്കള്‍ കെട്ടിടത്തിന് മുകളില്‍ കയറി അധികൃതരെ വെട്ടിലാക്കിയത്. നീണ്ട 10 മണിക്കൂറോളം പൊലിസിനേയും,അഗ്നിരേഖാ സേനയേയും,
ജില്ലാ ഭരണാധികാരികളെയും മുള്‍മുനയില്‍ നിര്‍ത്തിയ യുവാക്കള്‍ക്ക് പിന്തുണയുമായി കോളനിയിലെ സ്ത്രീകളും കുട്ടികളും നിലയുറപ്പിച്ചതോടെ അധികൃതര്‍ ഊരാക്കുരുക്കിലാവുകയും ചെയ്തു. ഒടുവില്‍ കെട്ടിട ഉദ്ഘാടനത്തിനെത്തുന്ന കേന്ദ്ര മന്ത്രിയുമായി സംസാരിച്ച് തീരുമാനം ഉണ്ടാക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് ഇവര്‍ ആത്മഹത്യാ ഭീഷണിയില്‍ നിന്നും പിന്മാറിയിരുന്നു.
എന്നാല്‍ ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ഡല്‍ഹിയില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സ് വഴി മന്ത്രി നിര്‍വഹിച്ചതോടെ ഇവര്‍ക്ക് നല്കിയ ഉറപ്പ് ജില്ലാ ഭരണാധികാരികള്‍ക്ക് പാലിക്കാനായില്ല.
കേന്ദ്രസര്‍വ്വകലാശാലയില്‍ അര്‍ഹതപ്പെട്ട തദ്ദേശവാസികളെ ഒഴിവാക്കി വിവിധ തസ്തികകളില്‍ പുറമെ നിന്നുള്ളവരെ നിയമിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ അനുകൂല നിലപാടുകളും ഇല്ലാത്തതിനെ തുടര്‍ന്നാണ് എട്ടു യുവാക്കള്‍ ഇന്നലെ വീണ്ടും കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലിസും,മറ്റും ഇടപ്പെട്ട് ഇവരെ അനുനയിപ്പിച്ചു. ഈ മാസം 11 ന് കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിന്മേലാണ് യുവാക്കളെ കെട്ടിടത്തിന് മുകളില്‍ നിന്നും പൊലിസ് താഴെയിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."