അഭിഭാഷക ആക്രമണത്തില്‍ ആശങ്കയോടെ
കോടതികളില്‍ വക്കീല്‍മാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങളിലുള്ള ആശങ്കയിലായിരുന്നു ഇന്നലെ സഭ. ആശങ്കയ്ക്കു തിരികൊളുത്തിയത് രണ്ടു ബില്ലുകള്‍. അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബില്ലും കേരള കോര്‍ട്ട് ഫീസും വ്യവഹാര സലയും (ഭേദഗതി) ബില്ലും സഭയുടെ പരിഗണനയ്ക്കു വന്നപ്പോഴാണ് കോടതികളിലെ അതിക്രമങ്ങളിലേക്കു ചര്‍ച്ച വഴിതിരിഞ്ഞത്. സഭാംഗങ്ങളില്‍ നിരവധി അഭിഭാഷകരുണ്ടെങ്കിലും കോടതികളിലെ മാധ്യമവിലക്കിനെ അനുകൂലിക്കാന്‍ ആരുമുണ്ടായില്ല.
ഗാന്ധിജി, ഫിദല്‍ കാസ്‌ട്രോ, നെല്‍സന്‍ മണ്ടേല, ബരാക് ഒബാമ തുടങ്ങിയ പ്രമുഖര്‍ അഭിഭാഷകരായിരുന്നെന്നും അഡ്വക്കറ്റ് എന്ന ലാറ്റിന്‍ പദത്തിന് വിളിപ്പുറത്ത് ഉണ്ടാവേണ്ടയാള്‍ എന്ന് അര്‍ഥമുണ്ടെന്നും എ.എന്‍ ഷംസീര്‍. ഇപ്പോള്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ജനാധിപത്യവിരുദ്ധമാണ്. വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടരുതെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍ ഉത്തരവിട്ടപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ച് വാര്‍ത്ത കൊടുത്തിട്ടുണ്ട്. പീഡനത്തിനെതിരേ പൊരുതുന്നവരാണ് അഭിഭാഷകര്‍ എന്ന് ഷംസീര്‍ പറഞ്ഞപ്പോള്‍, അങ്ങനെ ആയിരിക്കണം എന്നാണോ ഉദ്ദേശിച്ചതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ചോദ്യം. കോടതികളിലെ മാധ്യമവിലക്കിനെതിരേ സംസാരിച്ച എം. ഉമ്മര്‍ വലിയൊരു വിഭാഗം അഭിഭാഷകര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങളും എടുത്തുപറഞ്ഞു.
കേരളത്തിലെ അഭിഭാഷകര്‍ ക്രിമിനലുകളാണെന്ന് ജനങ്ങള്‍ ചിന്തിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ടെന്ന് എം.വിന്‍സെന്റ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതുപോലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ക്ഷേമനിധി ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും വിന്‍സെന്റ്. ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിച്ച മറ്റുള്ള അംഗങ്ങളും മാധ്യമവിലക്കിനെ വിമര്‍ശിച്ചു. കോടതികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ കുറവായതുകൊണ്ട് അവിടെയെത്തുന്ന പൊതുജനം വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്ന് അനില്‍ അക്കര. താന്‍ സന്ദര്‍ശിച്ച ഒരു വിദേശരാജ്യത്ത് കോടതി തന്നെയില്ലെന്നും കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ലെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞപ്പോള്‍ അതല്ലേ നല്ലതെന്ന് പ്രതിപക്ഷത്തുനിന്ന് ചോദ്യം. ശാസ്ത്രീയ സോഷ്യലിസം ലക്ഷ്യംവയ്ക്കുന്നത് അത്തരമൊരു അവസ്ഥയാണെന്ന് ബാലന്റെ മറുപടി.
ഐക്യകേരളം സൃഷ്ടിച്ചതിന്റെയും വയലാര്‍ സമരം നടത്തി സര്‍ സി.പിയെ ഓടിച്ചതിന്റെയും പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ വകവച്ചുകൊടുക്കാനാവില്ലെന്ന് ചരിത്രരേഖകളുടെ പിന്‍ബലത്തോടെ പി.ടി തോമസിന്റെ വാദം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത് എ.ഐ.സി.സി തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ്. ആ നിലപാടിന്റെ ഭാഗമായാണ് കെ.പി.സി.സി രൂപീകരിച്ചത്. സര്‍ സി.പിയെ വെട്ടാന്‍ കെ.സി.എസ് മണിക്ക് വാളുണ്ടാക്കിക്കൊടുത്തത് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കുമ്പളത്ത് ശങ്കുപ്പിള്ളയാണ്. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷത്തില്‍ മുന്‍ മുഖ്യമന്ത്രിമാരെയും ആദ്യ നിയമസഭയില്‍ അംഗങ്ങളായിരുന്നവരെയുമൊക്കെ ഒഴിവാക്കിയതിനെ വിമര്‍ശിച്ചുകൊണ്ട് തോമസ് ഒരു കവിതാശകലം ഉദ്ധരിച്ചപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ കൂട്ടത്തോടെ ബഹളം വച്ചു തടസപ്പെടുത്താന്‍ ശ്രമിച്ചു. പ്രതിപക്ഷവും അതിനെ എതിര്‍ത്തു ബഹളം തുടങ്ങി. അദ്ദേഹം സ്വന്തം ദാര്‍ശനിക കവിത ചൊല്ലുമ്പോള്‍ നിങ്ങളെന്തിനു ബഹളംവയ്ക്കുന്നെന്ന് സ്പീക്കര്‍. സ്വന്തം കവിതയല്ലെന്നും അദ്ധ്യാത്മ രാമായണത്തിലെ വരികളാണെന്നും തോമസ്.
ഏഴു ഭാഷകളുടെ സംഗമഭൂമിയില്‍ നിന്നു വരുന്ന തനിക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മൂന്നാം നമ്പര്‍ ധനവിനിയോഗ ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പി.ബി അബ്ദുറസാഖ്. എല്ലാ ഭാഷയിലും സംസാരിക്കുമോ എന്ന് സഭയില്‍ നിന്ന് ചോദ്യം. വെല്ലുവിളി ഏറ്റെടുത്ത് റസാഖ് ഏഴു ഭാഷകളിലും ചില വാചകങ്ങള്‍ പറഞ്ഞു. ശരിക്കു പറഞ്ഞാല്‍ അവിടെ ഇതിനൊക്കെ പുറമെ ബ്യാരി എന്ന എട്ടാമതൊരു ഭാഷ കൂടിയുണ്ടെന്ന് റസാഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."