മരം കാറിനു മുകളില്‍ വീണ് യുവാവ് മരിച്ചു
പത്തനാപുരം: മരം കാറിനു മുകളില്‍ വീണു യുവാവു മരിച്ചു. പത്തനാപുരം ഇടത്തറ താന്നിമൂട്ടില്‍ വീട്ടില്‍ സുലൈമാന്‍ നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ കമാലുദീന്‍(35)ആണു മരിച്ചത്.
കുന്നിക്കോട്-പത്തനാപുരം പാതയില്‍ ആവണീശ്വരം റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്കു ഒന്നരയോടെയാണു മരം മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്. കൊട്ടാരക്കരയില്‍ നിന്നും പത്തനാപുരത്തേക്കു വന്ന മാരുതി സെലനോ കാറാണു അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഷാനവാസ്, കമാലുദീന്റെ സഹോദരന്‍ റിയാസ് എന്നിവര്‍ നിസാരപരുക്കുകളോടെ രക്ഷപെട്ടു. ആവണീശ്വരം റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ പൊതുമരാമത്തു വകുപ്പ് റോഡിനു വശത്തായി നിന്നിരുന്ന പഞ്ഞി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടെയാണു അപകടം നടന്നത്. തിരക്കേറിയ റോഡില്‍ വേണ്ടത്ര ഗതാഗതനിയന്ത്രണമേര്‍പ്പെടുത്താതെ മരം മുറിച്ചതാണു അപകടകാരണം.
വേണ്ടത്ര ശ്രദ്ധയില്ലാതെ പിക്കപ് വാനില്‍ വടം കെട്ടിനിര്‍ത്തിയാണു മരം മുറിച്ചത്. എന്നാല്‍ ഭാരക്കൂടുതല്‍ കാരണം ദിശതെറ്റി മരം കാറിനു മുകളില്‍ പതിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവശത്തു നിന്നും വാഹനങ്ങളെത്തിയതിനാല്‍ കാര്‍ മുന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു. പിന്‍ സീറ്റിലുണ്ടായിരുന്ന കമാലുദീന്റെ മുകളിലേക്കാണു കൂറ്റന്‍ മരം പതിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മരം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞു ആവണീശ്വരത്തു നിന്നും ഫയര്‍ഫോഴ്‌സും,കുന്നിക്കോട്, പത്തനാപുരം സ്റ്റേഷനുകളില്‍ നിന്നും പൊലിസും തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സിന്റെ കട്ടര്‍ ഉപയോഗിച്ചു ഡോര്‍ മുറിച്ചുമാറ്റാനുള്ള ശ്രമവും ഫലം കണ്ടില്ല. തുടര്‍ന്നു കമ്പിപ്പാര ഉപയോഗിച്ചു ഡോര്‍ പൊളിച്ചാണു കമാലുദീനെ പുറത്തെടുത്തത്. ഇരുപതു മിനിട്ടിന്റെ ശ്രമത്തിനൊടുവിലാണു ഇയാളെ പുറത്തെടുത്തത്. തുടര്‍ന്നു കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിഷയാണു ഭാര്യ. അര്‍ഷാദ് അന്‍സാവിത്ത്, അബീസ് എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."