അഴിമതിയില്ലാത്ത നാടിനായി ഹാക്ക് ഫോര്‍ പീപ്പിള്‍ ഹാക്കത്തോണ്‍ തുടങ്ങി
പരിപാടി സഹൃദയയിലെ ഇന്നോവേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി
കൊടകര: അഴിമതിയില്ലാത്ത സമുഹമെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ഹാക്കത്തോണ്‍ തുടങ്ങി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ ഡോ. ജയശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. കോളജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ അധ്യക്ഷനായിരുന്നു. സഹൃദയയിലെ ഇന്നോവേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും സംസ്ഥാന വിജിലന്‍സ് വകുപ്പും, കിലയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.'ഹാക്ക് 4 പീപ്പിള്‍' എന്ന ഹാക്കത്തോണിന്റെ വിഷയം 'സ്മാര്‍ട്ട് ടെക്‌നോളജിക്കല്‍ സൊലൂഷന്‍സ് എഗൈന്‍സ്റ്റ് കറപ്ഷന്‍' എന്നതാണ്. അഴിമതി എന്ന പ്രശ്‌നത്തെ അപഗ്രഥിച്ച് സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുവാനായി ഒരു ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത് ലോകത്താദ്യമായാണ്. 21-ാം നൂറ്റാണ്ടിന്റെ പദമാണ് ഹാക്കത്തോണ്‍ എന്നത്്. സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കാനുള്ള പരമ്പരാഗത ഗവേഷണ രീതികളില്‍ നിന്നുമാറി വളരെ വേഗം പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം കണ്ടുപിടിക്കുന്ന ആധുനികരീതിയാണ് 'ഹാക്കത്തോണ്‍'.ഒരു ഹാക്കത്തോണ്‍ പരിപാടിയില്‍ സങ്കീര്‍ണമായ ഒരു പ്രശ്‌നത്തെ ചിട്ടയായ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദരും സാങ്കേതിക വിദഗ്ദരും ഒന്നിച്ചിരുന്ന് പ്രശ്‌നം പഠിച്ച് അപഗ്രഥിക്കുന്നു. തുടര്‍ന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രശ്‌നപരിഹാരത്തിനുള്ള വിവിധ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റമ്പതിലേറെ സാങ്കേതിക വിദഗ്ദരും, തദ്ദേശ സ്വയംഭരണ വകുപ്പും, പൊതുമരാമത്ത് , ഐ.ടി., ആഭ്യന്തര വകുപ്പുകളും, സാങ്കേതിക സര്‍വകലാശാല വിദഗ്ദരും, വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ വിദഗ്ദരും ഹാക്കത്തോണില്‍ പങ്കെടുക്കുന്നുണ്ട്. കേരള വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്, ഐ.ടി. സെക്രട്ടറി എം.ശിവശങ്കര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, തെര്‍മൊപെന്‍പോള്‍ കമ്പനി സ്ഥാപകന്‍ ബാലഗോപാല്‍, കില ഡയറക്ടര്‍ ഡോ.പി,പി.ബാലന്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചറിയ ഐസക്ക് തുടങ്ങി പ്രമുഖരാണ് ഹാക്കത്തോണിന് നേതൃത്വം കൊടുക്കുന്നത്.
ഈ ഹാക്കത്തോണിലൂടെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഹാക്കത്തോണില്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ ഇടവേളകളില്ലാതെ 30 മണിക്കൂര്‍ തുടര്‍ച്ചയായാണ് വിദഗ്ദര്‍ പങ്കെടുക്കുന്നത്. പ്രി ഹാക്കത്തോണ്‍, ഹാക്കത്തോണ്‍, പോസ്റ്റ് ഹാക്കത്തോണ്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ഹാക്കത്തോണ്‍ നടത്തുന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് ഹാക്കത്തോണ്‍ സമാപിക്കുക. ഉദ്ഘാടന ചടങ്ങില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി. എ.രാമചന്ദ്രന്‍, സഹൃദയ പ്രിന്‍സിപ്പല്‍ ഡോ.സുധ ജോര്‍ജ് വളവി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.നിക്‌സണ്‍ കുരുവിള, കോര്‍ഡിനേറ്റര്‍ പ്രൊഫ.ജിബിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."