ലോണ്‍ നല്‍കാത്തതില്‍ ക്ഷുഭിതനായ യുവാവ് ബാങ്ക് മാനേജറുടെ കാബിന് തല്ലിത്തകര്‍ത്തു
അരീക്കോട്: ലോണ്‍ ലഭിക്കുന്നതിനായി അപേക്ഷ നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോണ്‍ അനുവദിച്ചുകിട്ടാത്തതില് ക്ഷുഭിതനായ യുവാവ് ബാങ്ക് മാനേജറുടെ കാബിന് തല്ലിത്തകര്‍ത്തു. കുരുക്കലമ്പാട് സ്വദേശി കെ.കെ അബ്ദുല്‍ മനാഫ്(35)ആണ് അരീക്കോട് കനറാ ബാങ്കില്‍ മാനേജറുടെ കാബിനിലേക്ക് അതിക്രമിച്ച്കയറി അക്രമം അഴിച്ചുവിട്ടത്. ഇന്നലെ ഉച്ചക്ക് 1.30നാണ് സംഭവം.
കാബിനിലുണ്ടായിരുന്ന കംപ്യൂട്ടര്‍, ഫോണ്‍, ടേബിള്‍ ഗ്ലാസ്, എന്നിവ ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് താഴെയിടുകയും കാബിനിന്റെ ഗ്ലാസ് തല്ലി തകര്‍ക്കുകയും ചെയ്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നു. കഴിഞ്ഞ നാലുമാസം മുമ്പാണ് യുവാവ് ടെക്സ്റ്റൈല്‍ യൂനിറ്റ് തുടങ്ങുന്നതിനായി നാലുലക്ഷം രൂപ ലോണിനായി അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ പലകാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുന്നതിലുള്ള അമര്‍ഷമാണ് യുവാവിനെ ചൊടിപ്പിച്ചത്. മാനേജറുമായി സംസാരിച്ചുക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി സാധനങ്ങള്‍ വലിച്ചെറിഞ്ഞ് ഗ്ലാസുകളും മറ്റും തകര്‍ക്കുകയായിരുന്നു. പ്രതിയെ അരീക്കോട് പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."