ടോള്‍ പിരിവ് നിര്‍ത്തിയത് സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി: ജി. സുധാകരന്‍
പത്തനംതിട്ട: സംസ്ഥാനത്തെ ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കിയത് സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ശബരിമല സുഖദര്‍ശനം സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ടോളുകള്‍ നിര്‍ത്തലാക്കിയതു മൂലം ഏകദേശം 37 കോടി രൂപയുടെ വരുമാനം ഇല്ലാതായി. സീ പോര്‍ട്ട്-എയര്‍ പോര്‍ട്ട് ടോള്‍ നിര്‍ത്തലാക്കിയതുകൊണ്ടു മാത്രം ഏകദേശം ഏഴ് കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ടോള്‍ പിരിക്കുന്ന കരാറുകാര്‍ പിരിഞ്ഞു കിട്ടിയ തുക സംബന്ധിച്ച യാതൊരു വിവരങ്ങളും സര്‍ക്കാരിനെ അറിയിക്കാറില്ല. ഇത് വലിയ കൊള്ളയ്ക്ക് അവസരമുണ്ടാക്കുന്നു. പിരിച്ച രൂപയുടെ കണക്കിനെക്കുറിച്ച് ചോദിച്ചാല്‍ അതുമായി ബന്ധപ്പെട്ട രേഖകളൊന്നിമില്ലെന്ന മറുപടിയാകും ലഭിക്കുക. ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. അതിനാല്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസുകളുടെ സ്ഥിതി വളരെ ശോചനീയമാണെന്നും മന്ത്രി പറഞ്ഞു. ആലുവ പാലസും മൂന്നാര്‍ റസ്റ്റ് ഹൗസും സ്വകാര്യ വ്യക്തികളുടെ അധീനതയിലാണുളളത്. ഇതില്‍ മൂന്നാര്‍ റസ്റ്റ് ഹൗസിനോട് ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിപ്പിക്കും. ഇത് സംബന്ധിച്ചുള്ള നോട്ടീസ് നല്‍കി. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉന്നതതല അന്വേഷണം നടത്തും.
ശബരിമലയില്‍ റോപ് വേ സംവിധാനവും ട്രീറ്റ്‌മെന്റ് പ്ലാന്റും അടിയന്തിരമായി സ്ഥാപിക്കേണ്ടതാണ്. സന്നിധാനത്തുവച്ച് അയ്യപ്പ ഭക്തന്മാര്‍ക്ക് അസുഖങ്ങളോ അപകടങ്ങളോ സംഭവിച്ചാല്‍ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാന്‍ റോപ് വേ അത്യാവശ്യമാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തീര്‍ഥാടന പാതകളുടെ നവീകരണ ജോലികള്‍ സീസണു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പ്രധാന തീര്‍ഥാടന പാതകള്‍ക്കും അനുബന്ധ റോഡുകള്‍ക്കുമായി നൂറു കോടി രൂപയുടെ പ്രവൃത്തികളാണ് നടന്നത്.
അലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലായുള്ള റോഡുകളുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയായി. കെ.എസ.്ടി.പി ഏറ്റെടുത്ത പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ നിര്‍മ്മാണത്തിലെ പാളിച്ചകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏബ്രഹാം തടിയൂര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."