നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തു
മുക്കം: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ മുക്കം പൊലിസ് കേസെടുത്തു. പിതാവ് ഓമശ്ശേരി സ്വദേശി അബൂബക്കര്‍, മാതാവ് ഹഫ്‌സത്ത് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രസവം നടന്ന മുക്കം ഇ.എം. എസ് സഹകരണ ആശുപത്രി നേഴ്‌സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് 75,87 വകുപ്പു പ്രകാരമാണ് കേസടുത്തത്. കുട്ടിയുടെ പിതാവിനെതിരേ കേസെടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി ജില്ലാ പൊലിസ് മേധാവിക്കും മുക്കം പൊലിസിനും നിര്‍ദേശം നല്‍കിയിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട് . അതേ സമയം കുട്ടിയുടെ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കുഞ്ഞ് ജനിച്ച് അഞ്ച് വാങ്ക് കഴിഞ്ഞേ മുലപ്പാല്‍ നല്‍കാവൂ എന്ന് പറഞ്ഞ കളന്‍തോട്ടെ തങ്ങള്‍ക്കെതിരേയും അന്വേഷണം നടക്കും. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരേ നടപടിയുമുണ്ടാവും.
ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ ആണ് കഴിഞ്ഞ ദിവസം മുക്കം ഇ. എം. എസ് സഹകരണ ആശുപത്രിയില്‍ പിറന്ന തന്റെ കുഞ്ഞിന് ആഞ്ച് വാങ്ക് കേള്‍ക്കാതെ മുലപ്പാല്‍ നല്‍കാന്‍ പാടില്ലെന്ന് ശഠിച്ചത്. ഇതോടെ ആശുപത്രി അധികൃതരും പൊലിസും ഇടപെട്ടെങ്കിലും അബൂബക്കര്‍ വഴങ്ങിയില്ല. മുലപ്പാല്‍ ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അപകടത്തിലാകുമെന്ന് കണ്ട് ആശുപത്രി അധികൃതര്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍മാത്രമാണ് ഉത്തരവാദിയെന്ന് എഴുതി നല്‍കി അബൂബക്കര്‍ കുട്ടിയുമായി വീട്ടിലേക്ക് പോവുകയായിരുന്നു. 23 മണിക്കൂറിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയത്. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നത് തടയുന്നതിനായി വീട്ടില്‍ ബന്ധുക്കളടക്കം കാവല്‍ നിന്നിരുന്നതായും പറയപ്പെടുന്നു. നേരത്തെ ഇയാളുടെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ അഞ്ച് വാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയിരുന്നതെന്ന് യുവാവ് സംഭവ ദിവസം തന്നെ പൊലിസിനോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."