ഇന്തോനേഷ്യ ബോട്ട് ദുരന്തം: മരണസംഖ്യ 54 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബതാം ദ്വീപിലെ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. ഇന്തോനേഷ്യക്കാരായ 98 അഭയാര്‍ത്ഥികളുമായി യാത്ര പുറപ്പെട്ട ബോട്ടാണ് ബതാം ദ്വീപിനു സമീപം മുങ്ങിയത്.
ബുധനാഴ്ചയാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍ പെട്ടവരില്‍ 41 പേരെ രക്ഷപ്പെടുത്തി. ആറു പേരെക്കുറിച്ച് വിവരമൊന്നുമില്ല. കിഴക്കന്‍ മലേഷ്യന്‍ സംസ്ഥാനമായ ജോഹറില്‍ നിന്നും ഇന്തോനേഷ്യയിലെ ബതാം ദ്വീപിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
ശക്തമായ കാറ്റിനെത്തുടര്‍ന്നുണ്ടായ വന്‍ തിരമാലകളില്‍ പെട്ട് ബോട്ട് മറിയുകയായിരുന്നു. മറിയുന്ന സമയത്ത് അമിതഭാരം വഹിച്ചുകൊണ്ടായിരുന്നു ബോട്ട് നീങ്ങിയിരുന്നത് എന്നതും അപകടസാധ്യത വര്‍ധിപ്പിച്ചതായി ദുരന്തനിവാരണ പ്രവര്‍ത്തകര്‍ പറയുന്നു. 18 പേര് കൊല്ലപ്പെട്ടതായായിരുന്നു ആദ്യ സ്ഥിരീകരണം. എന്നാല്‍ ഇന്നലെയോടെ മരണസംഖ്യ 54 ആയി. കൊല്ലപ്പെട്ടവരില്‍ രണ്ടു പെണ്‍കുട്ടികളുമുണ്ട്.
മൃതദേഹങ്ങള്‍ പലതും വെള്ളത്തില്‍ ഒഴുകിനടക്കുന്ന നിലയിലായിരുന്നു. 12 മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും മലേഷ്യയില്‍ ജോലി ചെയ്യുന്ന ഇന്തോനേഷ്യക്കാരാണ്. ഒട്ടേറെ മലേഷ്യന്‍ ഫാക്ടറികളിലും തോട്ടങ്ങളിലുമായി നിരവധി ഇന്തോനേഷ്യക്കാരാണ് ജോലി ചെയ്യുന്നത്.
ഇതില്‍ പലതും അനധികൃതവുമാണ്. ഇത്തരക്കാരെയും വഹിച്ചുകൊണ്ടുള്ള ബോട്ട് അപകടത്തില്‍ പെടുന്നത് പതിവാണ്. നിരവധി ബോട്ടപകടങ്ങളാണ് ഇതേ സ്ഥലത്ത് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."