എടവണ്ണപ്പാറയില്‍ 20 പവന്‍ സ്വര്‍ണാഭരണങ്ങളുമായി യുവതി മുങ്ങി
എടവണ്ണപ്പാറ: രണ്ടാഴ്ച മുമ്പ് അഞ്ചു പേരില്‍ നിന്നായി ഇരുപതോളം പവനുമായി മുങ്ങിയ സ്ത്രീയെ അന്വേഷിച്ചു വാഴക്കാട് പൊലിസ്. എടവണ്ണപ്പാറ പരിസരത്തെ വീടുകളില്‍ നിന്നാണു സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. അപ്പാടെ സക്കീന, അവുഞ്ഞിക്കാട് ബുഷ്‌റ, ചാളക്കണ്ടി ആമിന, കുനീക്കുത്ത് സഫിയ, ചൊവ്വരത്ത് സുനിത എന്നിവരില്‍ നിന്നാണ് ആഭരണങ്ങള്‍ തട്ടിയെടുത്തത്.
എടവണ്ണപ്പാറക്കടുത്ത് എടത്തൊടി പറമ്പിന് സമീപം കോറോത്ത് അബ്ദുല്‍റഷീദിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന നഫീസ എന്ന പേരില്‍ അറിയപ്പെടുന്ന സ്ത്രീ ആറു വര്‍ഷത്തോളമായി ഈ ഭാഗത്തു താമസിക്കുന്നു. ചിലരോടു സ്‌കൂള്‍ ടീച്ചറാണെന്നും മറ്റു ചിലരോടു ക്ലര്‍ക്കാണെന്നും പറഞ്ഞാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരാണു തട്ടിപ്പു നടത്തിയത്.
ആഭരണങ്ങളും പണവും നഷ്ടപ്പെട്ടവര്‍ വാഴക്കാട് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചില സ്ത്രീകളില്‍ നിന്നു വിവാഹ ചടങ്ങിനു പങ്കെടുക്കാനാണെന്നു പറഞ്ഞാണ് ആഭരണങ്ങള്‍ വാങ്ങിയത്. പ്ലസ്ടുവിനു പഠിക്കുന്ന മകളുടെ സുഹൃത്തുക്കളുടെ വീടുകളില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്തു.
ഓരോരുത്തരില്‍ നിന്നും രണ്ടു പവന്‍ മുതല്‍ അഞ്ചു പവന്‍ വരെയാണു വാങ്ങിയത്. അയല്‍ വാസികളോട് നല്ല ബന്ധമാണു യുവതി പുലര്‍ത്തിയിരുന്നത്. ഇതിനു മുമ്പും പലതവണ ആഭരണങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞ സമയത്തു തിരികെ ഏല്‍പ്പിക്കാറുണ്ടെന്നും സ്വര്‍ണം നഷ്ടപ്പെട്ടവര്‍ പറഞ്ഞു. മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ അല്‍പ്പം പ്രയാസമുണ്ടെന്നും ഉടനെ ആഭരണങ്ങള്‍ തിരിച്ചെത്തിക്കുമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബെല്ലടിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കാതായി.
തുടര്‍ന്നാണു വാഴക്കാട് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ യുവതി താമസിച്ചിരുന്ന വീട് പൂട്ടുതുറന്ന് പരിശോധിച്ചു. പരിശോധനയില്‍ വ്യാജ ആഭരണങ്ങള്‍ കണ്ടെത്തി. ഇതിനിടെ വെള്ളിയാഴ്ച ഞാന്‍ വരുമെന്നും ആഭരണങ്ങള്‍ തരാമെന്നും കാണിച്ചു യുവതി ചിലര്‍ക്ക് മൊബൈലില്‍ സന്ദേശമയച്ചിരുന്നു. വെള്ളിയാഴ്ചയും യുവതി വന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."