കരിപ്പൂര്‍ വിമാനത്താവളം: വാര്‍ഷിക സുരക്ഷാ പരിശോധനയ്ക്കായി ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടര്‍ എത്തി
കൊണ്ടോട്ടി: വിമാനത്താവളത്തിന്റെ വാര്‍ഷിക സുരക്ഷാ പരിശോധനയ്ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഡെപ്യൂട്ടി ഡയറക്ടര്‍ സൂരജ സച്ചേന ഇന്നലെ കരിപ്പൂരിലെത്തി. ഇവര്‍ക്കു പുറമേ ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടര്‍ ദ്വരൈ രാജ് ഇന്ന് വിമാനത്താവളത്തിലെത്തും. ഇരുവരുടേയും പരിശോധന അഞ്ചു ദിവസം നീണ്ടുനില്‍ക്കും.
പരിശോധനയുടെ ഭാഗമായി തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.ജി.സി.എ വിമാനത്താവളത്തിനു സര്‍ട്ടിഫക്കറ്റ് നല്‍കുക. റണ്‍വേയുടെ നീളം, വീതി, റിസ ഏരിയ, എയര്‍ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) തുടങ്ങി വിമാനത്താവളത്തിലെ മുഴുവന്‍ സൗകര്യങ്ങളും പരിശോധിക്കും. ഡി.ജി.സി.എ വര്‍ഷത്തില്‍ നടത്തുന്ന പരിശോധന വിമാനത്താവളത്തിന്റെ നിലവാരവും കാറ്റഗറിയും നിര്‍ണയിക്കും.
വിമാത്താവള റണ്‍വേ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇത്തവണത്തെ പരിശോധന. റീ-കാര്‍പ്പറ്റിങിന്റ ഭാഗമായി വിമാനങ്ങള്‍ വന്നിറങ്ങി റണ്‍വേ ബലക്ഷയം വന്ന ഭാഗം കുഴികളെടുത്തു നികത്തുന്ന പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഒന്‍പതു മാസത്തോളം 2,850 മീറ്ററുള്ള റണ്‍വേയില്‍ 2,450 മീറ്ററാണ് വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഈ പ്രദേശങ്ങളടക്കം പ്രത്യേക പരിശോധന നടത്തും.
കഴിഞ്ഞ 30 നാണ് റണ്‍വേ പൂര്‍ണ തോതില്‍ വിമാനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. റീ-കാര്‍പ്പറ്റിങ് നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെ റണ്‍വേ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. കരിപ്പൂരില്‍ വിമാനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ പ്രവര്‍ത്തനങ്ങളും സംഘം പരിശോധിക്കും. മറ്റു ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കും. വിമാനത്താവളത്തിലെ ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."