പോളിങ് ശതമാനം ഉയര്‍ന്നു; മുന്നണികളുടെ നെഞ്ചിടിപ്പും
തിരുവനന്തപുരം: പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നതിന്റെ അമ്പരപ്പിലാണ് മുന്നണികള്‍. ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. എന്നാല്‍, പരമ്പരാഗത ഇടതു വോട്ടുകളിലെ ഒരു വിഭാഗം വോട്ടുകള്‍ മൂന്നാം മുന്നണിക്കു ലഭിച്ചതിനാല്‍ ഇടതു മുന്നേറ്റം മധ്യകേരളത്തില്‍ ചുരുക്കം മണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ചതുപോലെ പോളിങ് ഉയര്‍ന്നു. അവസാന നിമിഷം അപ്രതീക്ഷിത പോരാട്ടം നടന്ന പല മണ്ഡലങ്ങളിലും പോളിങ് 80 ശതമാനത്തിനു മുകളിലെത്തി. പൂഞ്ഞാറില്‍ എന്തു സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കടുത്ത മത്സരത്തില്‍ മുന്നണി സ്ഥാനാര്‍ഥികളെ പിന്തള്ളി പി.സി ജോര്‍ജ് ജയിച്ചുകയറുമോയെന്നതും വടകരയില്‍ ഇരുമുന്നണികളുടെയും പ്രതിനിധികളെ കടത്തിവെട്ടി കെ.കെ രമ ജയിക്കുമോയെന്നതും കേരളം ഉറ്റുനോക്കുകയാണ്.
നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍തന്നെ പാലായില്‍ കെ.എം മാണിക്കു കാലിടറുമോയെന്നതും കണ്ടറിയണം. പാലായില്‍ മാണി തോല്‍ക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. യു.ഡി.എഫിന് തുടര്‍ഭരണം സാധ്യമാകണമെങ്കില്‍ എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നു കുറഞ്ഞത് 12 സീറ്റുകളുടെയെങ്കിലും മുന്‍തൂക്കം വേണം. എറണാകുളത്തു പ്രധാന സീറ്റുകളില്‍ അവസാന ഘട്ടത്തില്‍ പോരാട്ടം കനത്തതു കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
പുതുമുഖങ്ങളായ പല ഇടതു മുന്നണി സ്ഥാനാര്‍ഥികളും അപ്രതീക്ഷിത മുന്നേറ്റം നടത്തി. കോട്ടയത്തെ യു.ഡി.എഫ് കോട്ടകളില്‍ താരതമ്യേന പോളിങ് ശതമാനം കുറവായിരുന്നു. ആലപ്പുഴയില്‍ ബി.ഡി.ജെ.എസ് നിര്‍ണായകമായ മണ്ഡലങ്ങളിലെല്ലാം പോളിങ് ഉയര്‍ന്നു.
പോളിങ് ഉയര്‍ന്നാല്‍ അതു യു.ഡി.എഫിനു ഗുണകരമാകുമെന്നും തിരിച്ചു സംഭവിച്ചാല്‍ എല്‍.ഡി.എഫിന് അനുകൂലമെന്നുമുള്ള പഴയ കണക്കുകൂട്ടലിന് ഇപ്പോള്‍ വലിയ പ്രസക്തിയില്ല. 1960നു ശേഷം ഏറ്റവും കൂടുതല്‍ ജനം വോട്ടുചെയ്ത (80.53ശതമാനം) 1987ലെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരാണ് അധികാരമേറിയത്. പോളിങ് വലിയ തോതില്‍ കുറഞ്ഞാല്‍ അതു യു.ഡി.എഫിനു നിരാശ പകരുന്നതാകുമെന്ന തത്വം പൊതുവില്‍ സാധൂകരിക്കപ്പെട്ടിട്ടുമുണ്ട്.
കഴിഞ്ഞ തവണ 75 ശതമാനം പേര്‍ വോട്ടു ചെയ്തപ്പോള്‍ മുന്നണികള്‍ തമ്മില്‍ വെറും നാലു സീറ്റിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈ ഏറ്റക്കുറച്ചില്‍ വിജയപരാജയങ്ങള്‍ക്കു വഴിവയ്ക്കാനിടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."