റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണന പട്ടിക; ഹിയറിങ് തുടങ്ങി
കാക്കനാട്: ജില്ലയില്‍ റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനപ്പട്ടിക സംബന്ധിച്ച പരാതികളുടെ ഹിയറിങ് തുടങ്ങി. ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളിലും രണ്ട് സിറ്റി റേഷനിങ് ഓഫിസുകളിലുമാണ് ഹിയറിങ് തുടങ്ങിയിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍. ഹരിപ്രസാദ് പറഞ്ഞു.
പരാതികള്‍ പരിഹരിക്കുന്നതു പഞ്ചായത്ത് നഗരസഭാ തലത്തിലാണു ഹിയറിങ് നടത്തുന്നത്. മുന്‍പ് അപേക്ഷ നല്‍കിയപ്പോള്‍ വിട്ടുപോയ കാര്യങ്ങളും വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഹിയറിങ്ങില്‍ നല്‍കാം. ഇവയില്‍ പരിഗണിക്കാന്‍ യോഗ്യതയുള്ളവ സ്വീകരിക്കും. അപേക്ഷയില്‍ വേണ്ടതായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി ഇവ ബന്ധപ്പെട്ട ഏജന്‍സിക്കു കൈമാറും. പിന്നീട് പുന:ക്രമീകരിച്ച പട്ടിക പ്രസിദ്ധപ്പെടുത്തും. ഈ മാസം 15 വരെയാണ് ഹിയറിങ്ങിന് അവസരമെങ്കിലും തീയതി നീട്ടി തരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് വ്യക്തമാക്കി.
അതിനിടെ, ഹിയറിങ് നടക്കുന്ന സ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംബന്ധിച്ചു വ്യക്തമായ വിവരം നല്‍കിയിട്ടില്ലെന്നു ചില തദ്ദേശസ്ഥാപന അധികൃതര്‍ പരാതിപ്പെട്ടു. നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുന്‍ഗണനപ്പട്ടിക സംബന്ധിച്ചുള്ള പരാതികള്‍ സ്വീകരിക്കുന്നതു തുടരുന്നു. ഇതുവരെ ആകെ 1.10 ലക്ഷം പരാതികള്‍ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."