മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സമരം രണ്ടാം ദിവസം പിന്നിട്ടു
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസം പിന്നിട്ടു. സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ മുത്തൂറ്റ് ഫിനാന്‍സിന്റെ എറണാകുളം ഹെഡ് ഓഫീസിന് മുന്നില്‍ സമരം നടത്തിയവരില്‍ അമ്പതോളം ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. മുത്തൂറ്റ് ഫിനാന്‍സ്്് കോര്‍പറേഷന്റെ കേരളത്തിലെ 12 റീജിയനല്‍ ഓഫീസുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 785 ബ്രാഞ്ചുകളില്‍ ഭൂരിഭാഗവും രണ്ട് ദിവസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. വിവിധ ബ്രാഞ്ചുകളിലായി 3500 ജീവനക്കാരാണുള്ളത്. ഇവരില്‍ 2500 പേരും കേരള പ്രൈവറ്റ് ചിറ്റ്‌സ് ആന്റ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
സംഘടനയില്‍ അംഗങ്ങളായതിന്റെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അകാരണമായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മൂന്ന് മാസമായി മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സമരം നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും മാനേജ്‌മെന്റ് തയ്യാറായില്ലെന്നും സമരം അടിച്ചമര്‍ത്താനാണ് ശ്രമമെന്നും യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി സി രതീഷ് പറഞ്ഞു. സമരത്തിന്റെ അവസാന പടിയായാണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചതെന്നും ഒത്തു തീര്‍പ്പിന് മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ കടുതല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."